കാലവര്‍ഷത്തില്‍ കാസര്‍കോട് ഇരുട്ടില്‍ത്തപ്പും

കാസര്‍കോട്: മഴ തുടങ്ങിയാല്‍ കാസര്‍കോടിന് വൈദ്യുതിനിയന്ത്രണം. ജില്ലയിലേക്ക് പല ഭാഗങ്ങളില്‍നിന്ന് വരുന്ന വൈദ്യുതിലൈനില്‍ അറ്റകുറ്റപ്പണിയും നിയന്ത്രണവും ഏര്‍പ്പെടുത്തുമ്പോള്‍ വൈദ്യുതി മുടക്കം പതിവാകും. അരീക്കോട്-കാഞ്ഞിരോട് 220 കെ.വി ¥ൈലനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയതിന്‍െറ ഭാഗമായി വൈദ്യുതി മുടങ്ങും. മഞ്ചേശ്വരം താലൂക്കില്‍ മാര്‍ച്ച് 15 മുതല്‍ വൈദ്യുതിമുടക്കം തുടങ്ങി. കാസര്‍കോട് സബ്സ്റ്റേഷന്‍ മുതല്‍ കുബന്നൂര്‍ സബ്സ്റ്റേഷന്‍ വരെയുള്ള 110 കെ.വി ലൈനിന്‍െറ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. പകരം കര്‍ണാടകയില്‍നിന്നാണ് മഞ്ചേശ്വരം മേഖലയിലേക്ക് വൈദ്യുതി എത്തിക്കുന്നത്. കര്‍ണാടകയിലുണ്ടാകുന്ന വൈദ്യുതിതടസ്സവും മറ്റ് അറ്റകുറ്റപ്പണികളും മഞ്ചേശ്വരത്തെയും ബാധിച്ചു. ചില ദിവസങ്ങളില്‍ മഞ്ചേശ്വരം ഭാഗങ്ങളില്‍ ഏഴു മണിക്കൂറോളവും വൈദ്യുതി മുടങ്ങുന്നുണ്ട്. കര്‍ണാടകയിലെ അറ്റകുറ്റപ്പണി ജൂണ്‍ 15ഓടെ പൂര്‍ത്തിയാകും എന്നാണ് അറിയിച്ചത്. അതോടെ മൂന്നുദിവസത്തിനകം മഞ്ചേശ്വരത്തെ വൈദ്യുതിപ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പറയുന്നത്. സമീപദിവസങ്ങളില്‍ കാസര്‍കോട് പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വൈദ്യുതിവകുപ്പ് അധികൃതര്‍ പറയുന്നത്. മൈലാട്ടിയില്‍നിന്ന് കാസര്‍കോടേക്കുള്ള 110 ലൈന്‍ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനെ തുടര്‍ന്നാണ് വൈദ്യുതിതടസ്സം ഉണ്ടാകാന്‍പോകുന്നത്. ഇതിന്‍െറ ടെന്‍ഡര്‍നടപടി സ്വീകരിച്ചുതുടങ്ങി. കാസര്‍കോട് വിദ്യാനഗര്‍ മുതല്‍ സീതാംഗോളിവരെയുള്ള ലൈനിന്‍െറ നിര്‍മാണം പൂര്‍ത്തിയായാല്‍ മൈലാട്ടി വിദ്യാനഗര്‍ പ്രവൃത്തി തുടങ്ങും. മഞ്ചേശ്വരം ഭാഗത്ത് കര്‍ണാടക സപൈ്ള നല്‍കുന്നതുകൊണ്ട് ഒരുവിധം പിടിച്ചുനില്‍ക്കുന്നു. എന്നാല്‍, സമാനനടപടി കാസര്‍കോട്ടേക്ക് അസാധ്യമാണ്. മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളിലേക്ക് കര്‍ണാടകയില്‍നിന്ന് സപൈ്ള നടന്നാല്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തിന് കാരണമാകും. മൈലാട്ടിയില്‍ നിലവിലുള്ള ലൈന്‍ മാറ്റാതെ പുതിയ ലൈന്‍ വലിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാമായിരുന്നു. ലൈന്‍തന്നെ അഴിച്ചുമാറ്റി അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. 2017ഓടെ ഈ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വൈദ്യുതിപ്രതിസന്ധിക്ക് സമ്പൂര്‍ണ പരിഹാരമാകുമെങ്കിലും തല്‍ക്കാലം നേരിടാന്‍പോകുന്നത് വലിയ ബുദ്ധിമുട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.