മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രോഗികളെ കണ്ടത്തെുന്നതിനുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സഹായം തേടാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗം തീരുമാനിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭിച്ചാലുടന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അഞ്ച് ദിവസങ്ങളിലായി നടത്താനുദ്ദേശിക്കുന്ന ക്യാമ്പിന് 11 വിഭാഗങ്ങളിലായി 45 വിദഗ്ധ ഡോക്ടറുടെ സേവനമാണ് ആവശ്യമുള്ളത്. ദുരിതബാധിതരുടെ 50,000 രൂപയില്‍ അധികമുള്ള കടബാധ്യത എഴുതിത്തള്ളാന്‍ സര്‍ക്കാറില്‍നിന്ന് കൂടുതല്‍ തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കാന്‍ മുളിയാറില്‍ ഭൂമി കൈമാറുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും. നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ് എന്നിവ മുഖേന നടപ്പാക്കുന്ന പദ്ധതികളില്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കേണ്ടവ ജൂണ്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പ്രവൃത്തി പുരോഗതി എല്ലാ മാസവും വിലയിരുത്തും. യോഗത്തില്‍ കലക്ടര്‍ ഇ. ദേവദാസന്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അംബുജാക്ഷന്‍, അസി. നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അഷീല്‍, എ.ഡി.എം വി.പി. മുരളീധരന്‍, നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.