കാസര്‍കോട്: വൈദ്യുതിത്തൂണ്‍ ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ അപകടമരണത്തിന് ബേഡഡുക്ക പൊലീസ് കേസെടുത്തു. ഓട്ടമല കൊട്ടാടിക്കല്‍ ഗോപാലകൃഷ്ണന്‍െറ മകന്‍ കെ. രാജീവാണ് (32) വെള്ളിയാഴ്ച കുറ്റിക്കോല്‍ കാവുങ്കാലില്‍ ലൈന്‍ വലിക്കുന്ന ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കോണ്‍ക്രീറ്റ് വൈദ്യുതിത്തൂണില്‍ കയറി ലൈന്‍ വലിക്കുന്നതിനിടെ തൂണ്‍ ഒടിഞ്ഞുവീഴുകയായിരുന്നു. തൂണിന്‍െറ നിര്‍മാണത്തിലെ അപാകതയും ഗുണനിലവാരക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയോ കരാറുകാരനെതിരെയോ കേസില്ലാത്തത് പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. വൈദ്യുതി വകുപ്പിന് കീഴിലെ മഞ്ചേശ്വരത്തെ പോള്‍ കാസ്റ്റിങ് യൂനിറ്റില്‍ നിര്‍മിച്ച തൂണുകളാണ് ഇവിടെ ലൈന്‍ വലിക്കാന്‍ ഉപയോഗിച്ചത്. കോണ്‍ക്രീറ്റും ഉരുക്ക് കമ്പിയും മതിയായ അനുപാതത്തില്‍ ഉപയോഗിക്കാതെ ഗുണനിലവാരം കുറഞ്ഞ രീതിയിലാണ് തൂണുകള്‍ നിര്‍മിക്കുന്നതെന്നും ഇവ തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. വിവിധ സെക്ഷനുകളിലെ ജീവനക്കാരും സംഘടനകളും ഇക്കാര്യം മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും ഇക്കാര്യം ശ്രദ്ധിക്കാതിരുന്നതാണ് നിര്‍ധന കുടുംബത്തിന് ആശ്രയമായിരുന്ന ജീവനക്കാരന്‍െറ മരണത്തിന് ഇടയാക്കിയതെന്ന് മറ്റ് ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.