110 കെ.വി ലൈന്‍ ഇരട്ടിപ്പിക്കല്‍ പുരോഗതിയില്‍

കാസര്‍കോട്: വിദ്യാനഗര്‍ മുതല്‍ മഞ്ചേശ്വരംവരെ വൈദ്യുതി എത്തിക്കുന്ന മൈലാട്ടി സബ്സ്റ്റേഷനില്‍ 110 കെ.വി സിംഗ്ള്‍ സര്‍ക്യൂട്ട് പ്രസരണശേഷി വര്‍ധിപ്പിക്കാന്‍ ഡബ്ള്‍ സര്‍ക്യൂട്ടായി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്ന് കെ.എസ്.ഇ. ബി അധികൃതര്‍ അറിയിച്ചു. 1965ല്‍ നിര്‍മിച്ച, കാലപ്പഴക്കംകാരണം അപകടാവസ്ഥയിലായ നിലവിലുള്ള ലൈന്‍ 20 കോടി രൂപ ചെലവിലാണ് ഡബ്ള്‍ സര്‍ക്യൂട്ടായി ഉയര്‍ത്തുന്നത്. കൂടുതല്‍ശേഷിയുള്ള കമ്പിയും ഉയരമുള്ള പുതിയ ടവറുകളും നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്‍െറഭാഗമായി വിദ്യാനഗര്‍ സബ്സ്റ്റേഷനില്‍നിന്ന് സീതാംഗോളിവരെയുള്ള ലൈനിന്‍െറ നിര്‍മാണപ്രവൃത്തി ജൂണ്‍ 20നകം പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. സീതാംഗോളി മുതല്‍ കുബനൂര്‍വരെയുളള 12 കി.മീ ലൈനിന്‍െറ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ വിദ്യാനഗര്‍ മുതല്‍ മഞ്ചേശ്വരംവരെയുളള ഭാഗങ്ങളിലെ വൈദ്യുതിതടസ്സത്തിന് പരിഹാരമുണ്ടാകും. പുതിയ ടവറുകള്‍ നിര്‍മിക്കുന്നത് പഴയ ടവറുകളുടെ സ്ഥാനത്തുതന്നെ ആയതിനാല്‍ നിലവിലുള്ളവ അഴിച്ചുമാറ്റിയശേഷമേ പുതിയത് സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. കുബനൂര്‍, മഞ്ചേശ്വരം സബ്സ്റ്റേഷന്‍ പരിധിയിലെ ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയും കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡുമായുള്ള ധാരണയനുസരിച്ച് കര്‍ണാടകയിലെ കൊനാജെ സബ്സ്റ്റേഷനില്‍നിന്നാണ് വൈദ്യുതി ലഭിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നാട്ടുകാര്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.