നേതാക്കള്‍ക്കെതിരെ നടപടി: കാഞ്ഞങ്ങാട്ട് ലീഗില്‍ വീണ്ടും കലാപം; കൊടിമരത്തില്‍ കരിങ്കൊടി കെട്ടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ രണ്ട് യുവ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള തീരുമാനം മുസ്ലിം ലീഗില്‍ ഉള്‍പ്പോര് രൂക്ഷമാക്കി. ജില്ലാ വൈസ് പ്രസിഡന്‍റിനെ അപമാനിക്കാന്‍ കൂട്ടുനിന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കാനും ജനറല്‍ സെക്രട്ടറി എം.പി. ജാഫറിനെ സ്ഥാനത്തുനിന്ന് നീക്കാനുമുള്ള സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനമാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്‍െറ പ്രതിഷേധത്തിനിടയാക്കിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രക്ക് സ്വീകരണം നല്‍കാന്‍ കാഞ്ഞങ്ങാട്ട് ഒരുക്കിയ ചടങ്ങിനിടെ ജില്ലാ വൈസ് പ്രസിഡന്‍റ് കല്ലട്ര മാഹിന്‍ ഹാജിക്കെതിരെ മുദ്രാവാക്യം മുഴക്കിയവര്‍ക്ക് പിന്തുണ നല്‍കിയെന്നാരോപിച്ചാണ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയുടെ തീരുമാനം പുറത്തു വന്നതോടെ ഇതിനെതിരായ പ്രതിഷേധവും പ്രകടമായി. ബല്ലാ കടപ്പുറത്ത് ലീഗിന്‍െറ കൊടിമരത്തില്‍ കെട്ടിയിരുന്ന കൊടി അഴിച്ചുമാറ്റി കരിങ്കൊടി കെട്ടി. ചൊവ്വാഴ്ച രാവിലെയാണ് ബല്ലാ കടപ്പുറം പള്ളിക്ക് സമീപമുള്ള കൊടിമരത്തില്‍ പ്രദേശത്തെ പ്രവര്‍ത്തകരില്‍ ചിലര്‍ കരിങ്കൊടി കെട്ടിയത്. വൈകീട്ട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും നേതാക്കളില്‍ ചിലരുടെ ഇടപെടലുണ്ടായതിനെതുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നേതാവിനെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ മണ്ഡലം ഭാരവാഹികളെ ശിക്ഷിക്കാനുള്ള തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിഷേധിക്കുന്നവര്‍ പറയുന്നു. ആരോപണ വിധേയരുടെ വിശദീകരണമോ പ്രവര്‍ത്തകരുടെ അഭിപ്രായമോ തേടാതെയാണ് അന്വേഷണസമിതി റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കാനുള്ള നീക്കത്തിലാണ് നടപടിക്ക് വിധേയരായവരെ അനുകൂലിക്കുന്ന വിഭാഗം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധ പ്രചാരണവും വ്യാപകമായിട്ടുണ്ട്. മലപ്പുറത്തെ ജലീലിനെയും കൊടുവള്ളിയിലെ റസാഖിനെയും കാഞ്ഞങ്ങാട്ട് സൃഷ്ടിക്കരുതെന്നാണ് വാട്സ്ആപ് വഴി പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്നില്‍ പറയുന്നത്. പത്തോളം ശാഖാ കമ്മിറ്റികള്‍ പിരിച്ചു വിടാന്‍ നീക്കം നടക്കുന്നതായും ഇവര്‍ പറയുന്നു. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പ്രാദേശിക പ്രശ്നങ്ങളാണ് നടപടിക്ക് കാരണമായ സംഭവങ്ങളിലത്തെിയത്. നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ച ജാഫറിനെതിരെ പാര്‍ട്ടിയില്‍നിന്ന് വിമത സ്ഥാനാര്‍ഥി രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് ഇരു വിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ വിമതനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് കേരള യാത്രയുടെ സ്വീകരണ പരിപാടിക്കിടെ ചിലര്‍ ജില്ലാ വൈസ് പ്രസിഡന്‍റിനെതിരെ മുദ്രാവാക്യം മുഴക്കിയത്. ചടങ്ങില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഭീഷണിയുണ്ടായതിനാല്‍ കല്ലട്ര മാഹിന്‍ ഹാജി പരിപാടിക്കത്തെിയിരുന്നില്ല. പിന്നീട് ഇദ്ദേഹം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റുമാരിലൊരാളായ ടി.ഇ. അബ്ദുല്ല എന്നിവരെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. ഇവര്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. അതിനിടെ മാഹിന്‍ ഹാജി ജില്ലാ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ ഉപ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇവിടെ സ്വാധീനമുള്ള മാഹിന്‍ ഹാജിയെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യം കൂടി ഇപ്പോഴത്തെ അച്ചടക്ക നടപടിക്കുണ്ട്. രാജിക്കത്ത് സ്വീകരിക്കേണ്ടതില്ളെന്നും ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.