അതിവേഗ റെയില്‍പാത: കാസര്‍കോട് ഉള്‍പ്പെടുത്തണം– ജില്ലാ വികസനസമിതി

കാസര്‍കോട്: അതിവേഗ റെയില്‍പാതയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ അധ്യക്ഷത വഹിച്ചു. നിലവില്‍ ഡി.എം.ആര്‍.സി ശിപാര്‍ശ ചെയ്യുന്നത് ആദ്യഘട്ടത്തില്‍ അതിവേഗറെയില്‍ കണ്ണൂര്‍വരെ മതിയെന്നാണ്. ഇത് അംഗീകരിക്കരുതെന്നും പാത കാസര്‍കോട്ടുവരെ നീട്ടണമെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒഴിവുള്ള ഡോക്ടര്‍മാരുടെ തസ്തികകള്‍ നികത്തണമെന്നും പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ രക്തഘടക വിഭജന യൂനിറ്റിന്‍െറ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാലവര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കണം. ഡങ്കിപ്പനിമരണങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് പാലങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സമഗ്ര സര്‍വേ നടത്തണമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദേശീയപാതയില്‍ കാര്യങ്കോടുപാലം അപകടാവസ്ഥയിലാണ്. എസ്റ്റിമേറ്റ് തയാറാക്കാന്‍ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു പാലങ്ങളുടെ അപകടാവസ്ഥകൂടി പരിഗണിച്ച് അടിയന്തരനടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. വെള്ളരിക്കുണ്ട് താലൂക്കില്‍ മാലോത്ത് വില്ളേജില്‍ ചാമക്കളം പ്രദേശത്ത് ഭൂപ്രശ്നം പരിഹരിക്കുന്നതിന് റീസര്‍വേ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 1976ല്‍ ജില്ലാ കലക്ടര്‍ മിച്ചഭൂമിയായി പതിച്ചുനല്‍കിയ സ്ഥലം അന്നുമുതല്‍ സ്ഥല ഉടമകളും കുടുംബവും കൈവശംവെച്ച് അനുഭവിച്ചുവരുന്നതാണ്. ഇവരില്‍ 19 കുടുംബങ്ങള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരും എട്ടു കുടുംബങ്ങള്‍ ജനറല്‍ വിഭാഗത്തില്‍പെട്ടവരും ആറുപേര്‍ ഭൂമി കൈവശമുള്ളവരുമാണ്. ഇവരില്‍ പട്ടികവിഭാഗത്തില്‍പെട്ട 18 കുടുംബങ്ങള്‍ക്കും ജനറല്‍ വിഭാഗത്തില്‍പെട്ട ആറു കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ വീട് ലഭിച്ചിട്ടുണ്ട്. എന്നാല്‍, വനംവകുപ്പുമായി സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കമുള്ളതിനാല്‍ റീസര്‍വേ നടത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ് പറഞ്ഞു. മുളിയാര്‍ ആശുപത്രി കെട്ടിടത്തിന്‍െയും ഇരിയണ്ണി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്‍െറയും നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രത്യേക ആസ്തിവികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് പി.ബി. അബ്ദുറസാഖ് എം.എല്‍.എ പറഞ്ഞു. എം.എല്‍.എമാരായ എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹീം, നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ വി. ഗൗരി, സബ്കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം കെ. അംബുജാക്ഷന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.