പുന്നമടക്കായലില്‍ തുഴയെറിയാന്‍ ചെറുവത്തൂര്‍ സംഘം പുറപ്പെട്ടു

ചെറുവത്തൂര്‍: പുന്നമടക്കായലില്‍ ഓളപ്പരപ്പിനുമേല്‍ ആവേശ തുഴയെറിയാന്‍ ചെറുവത്തൂര്‍ സംഘം പുറപ്പെട്ടു. ചെറുവത്തൂര്‍ പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളിലെ തുഴച്ചില്‍ സംഘങ്ങളില്‍നിന്നുള്ള 90ഓളം പേരാണ് നെഹ്റു ട്രോഫി വള്ളംകളിയില്‍ ഇക്കുറി വിവിധ ടീമുകള്‍ക്കായി തുഴയെറിയുക. മലബാറിന്‍െറ മെയ്ക്കരുത്തും മനക്കരുത്തും നന്നായി അറിയുന്ന കുട്ടനാട്ടുകാര്‍ വളരെ നേരത്തേ ചെറുവത്തൂരിലെ തുഴച്ചില്‍കാരെ നെഹ്റു ട്രോഫി വള്ളംകളിക്കായി ബുക് ചെയ്തുകഴിഞ്ഞു. കുട്ടനാട്ടിലെ എടത്വ ഗ്രാമത്തിലെ ബോട്ട് ക്ളബുകള്‍ക്കാണ് ചെറുവത്തൂര്‍ സംഘം ഇക്കുറി തുഴയെറിയുക. തുടര്‍ച്ചയായി മൂന്നാംതവണയാണ് ചെറുവത്തൂര്‍ സംഘം തുഴയെറിയാന്‍ പോകുന്നത്. നെഹ്റു ട്രോഫി മത്സരത്തില്‍ ചെറുവത്തൂര്‍ രീതി ഇതിനകംതന്നെ ജലോത്സവ പ്രേമികളുടെ മനം കവര്‍ന്നതാണ്. തേജസ്വിനിയില്‍ തുഴയെറിഞ്ഞ് ഉത്തരകേരളത്തിലെ ജലരാജാക്കന്മാരായി മാറിയ മയിച്ച ന്യൂ ബ്രദേഴ്സ്, കാവുഞ്ചിറ കൃഷ്ണപിള്ള, എ.കെ.ജി പൊടോതുരുത്തി, ഡി.വൈ.എഫ്.ഐ കാര്യംകോട്, വയല്‍ക്കര മയിച്ച, എ.കെ.ജി മയിച്ച എന്നീ ടീമുകളിലെ അംഗങ്ങളാണ് കുട്ടനാട്ടിലേക്കു തിരിച്ചത്. ഇത്തവണ നടുഭാഗം ചുണ്ടനെ ജേതാക്കളാക്കിയാല്‍ ട്രോഫി കാസര്‍കോടേക്ക് കൊണ്ടുവരാമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കിയെന്ന് ഇവര്‍ പറയുന്നു. ഇനിയുള്ള നാളുകള്‍ കഠിന പരിശീലനമാണ് ഇവര്‍ പുന്നമടക്കായലില്‍ നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.