അതിവേഗ റെയില്‍പ്പാത: കാസര്‍കോടിനെ ഉള്‍പ്പെടുത്താന്‍ ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: കേരളത്തില്‍ സാധ്യതാപഠന റിപ്പോര്‍ട്ട് തയാറാക്കിയ അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ ജില്ലയെ ഉള്‍പ്പെടുത്തണമെന്നും മംഗളൂരുവരെ പാത ദീര്‍ഘിപ്പിക്കണമെന്നും കാസര്‍കോട് പ്രസ്ക്ളബില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി രൂപവത്കരണയോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയെ ഒഴിവാക്കിക്കൊണ്ട് സാധ്യതാപഠന റിപ്പോര്‍ട്ട് തയാറാക്കിയ പ്രോജക്ട് കണ്‍സല്‍ട്ടന്‍സിയുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. നിര്‍ദിഷ്ട പദ്ധതിയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തുന്നതുവരെ ശക്തമായ ഇടപെടല്‍ നടത്താന്‍ കാസര്‍കോട് ജില്ലാ ഫെഡറേഷന്‍ ഓഫ് റെസിഡന്‍റ്സ് അസോസിയേഷനും പ്രസ്ക്ളബും സംയുക്തമായി വിളിച്ചുചേര്‍ത്ത ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സാമൂഹിക, രാഷ്ട്രീയ-സാംസ്കാരികരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കാസര്‍കോട് അതിവേഗ റെയില്‍പ്പാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയെയും ജനറല്‍ കണ്‍വീനറായി ജി.ബി. വത്സനെയും തെരഞ്ഞെടുത്തു. എം.പി, എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക് പഞ്ചായത്ത്-നഗരസഭാ അധ്യക്ഷന്മാര്‍, വിവിധ രാഷ്ട്രീയ-സംഘടനാപ്രതിനിധികള്‍ എന്നിവര്‍ വിവിധ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളുമാണ്. 151 അംഗങ്ങള്‍ അടങ്ങുന്നതാണ് ആക്ഷന്‍ കമ്മിറ്റി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ശ്രീകാന്ത്, ഓമനാ രാമചന്ദ്രന്‍, ബീഫാത്തിമ ഇബ്രാഹീം, എം.ടി. അബ്ദുല്‍ ജബ്ബാര്‍, അഹമ്മദ് ഷരീഫ്, പ്രസ്ക്ളബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, മാഹിന്‍ കേളോട്ട്, എ.കെ. ശ്യാമപ്രസാദ്, ടി.എ. ഷാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, ആര്‍. പ്രശാന്ത്കുമാര്‍, സി.എം.എ. ജലീല്‍, കെ.യു.ഡബ്ള്യൂ.ജെ സംസ്ഥാന ട്രഷറര്‍ എം.ഒ. വര്‍ഗീസ്, ജില്ലാ പ്രസിഡന്‍റ് സണ്ണി ജോസഫ്, ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഫ്രാക് ജനറല്‍ സെക്രട്ടറി ജി.ബി. വത്സന്‍ സ്വാഗതവും സെക്രട്ടറി അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.