മൂവ്മെന്‍റ് രജിസ്റ്ററില്‍ വ്യാജകാരണങ്ങള്‍ കൂടുന്നു

കാസര്‍കോട്: പഞ്ചിങ് കര്‍ശനമാക്കിയതോടെ കലക്ടറേറ്റില്‍ വൈകി ജോലിക്കത്തെി സമയത്തിനുമുമ്പേ പോകുന്നതിന് കാരണമെഴുതാന്‍ ഒരുമാസത്തേക്ക് ഒരു രജിസ്റ്റര്‍ വേണ്ട സ്ഥിതിയാണ്. ഉദ്യോഗസ്ഥര്‍ക്കുള്ള മൂവ്മെന്‍റ് രജിസ്റ്ററില്‍ വ്യാജ കാരണങ്ങള്‍ കൂടുന്നുണ്ടെന്നാണ് ആക്ഷേപം. രാവിലെ 11.15ന് കാസര്‍കോട് സ്റ്റേഷനിലത്തെുന്ന ചെന്നൈ മെയിലിന് വരുകയും ഉച്ചതിരിഞ്ഞ് 2.05നുള്ള ചെന്നൈ മെയിലിന് അല്ളെങ്കില്‍ 3.20നുള്ള തിരുവനന്തപുരം എക്സ്പ്രസിന് പോകുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് രജിസ്റ്ററില്‍ കാരണംകാണിച്ച് കുറിപ്പെഴുതി രജിസ്റ്റര്‍ നിറക്കുന്നത്. ഒരുമാസത്തേക്ക് ഒരു രജിസ്റ്റര്‍ വേണമെന്ന സ്ഥിതി വന്നിരിക്കുകയാണെന്നാണ് കലക്ടറേറ്റിലെ ചില ജീവനക്കാര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ പഞ്ച് ചെയ്യണമെന്ന സര്‍ക്കുലര്‍ ഇറങ്ങിയതാണ് മൂവ്മെന്‍റ് രജിസ്റ്ററിന്‍െറ കനംകൂടാന്‍ കാരണം. നേരത്തേ മുങ്ങുക മാത്രമല്ല, മുങ്ങുന്നതിന് സര്‍ക്കാര്‍വാഹനം ഉപയോഗിക്കുകയും ചെയ്തിരുന്നതായും ആക്ഷേപമുണ്ട്. രാവിലെയും ഉച്ചക്കും സര്‍ക്കാര്‍വാഹനങ്ങള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിരന്നുനില്‍ക്കുന്നത് പതിവുകാഴ്ചയായിരുന്നു. എന്നാല്‍, പ്രത്യേക നിര്‍ദേശത്താല്‍ കലക്ടര്‍ ഇത് നിര്‍ത്തലാക്കിയതോടെയാണ് വാഹനങ്ങള്‍ ‘മുങ്ങിക്കപ്പലുകള്‍’ ആണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. സര്‍ക്കാര്‍വാഹനങ്ങള്‍ ഉപയോഗിച്ചതിന്‍െറ കാരണങ്ങള്‍ രേഖപ്പെടുത്തണമെന്നും പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാമെന്നും ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ നിര്‍ദേശം വന്നതോടെ ഇതുനിന്നു. കെ.എസ്.ആര്‍.ടി.സിയുടെ കലക്ടറേറ്റ്-റെയില്‍വേ സ്റ്റേഷന്‍ ബസ് 3.20നുള്ള തിരുവനന്തപുരം എക്സ്പ്രസിനു കണക്കായി കലക്ടറേറ്റിലേക്ക് വരുത്തിച്ച രീതിയും കലക്ടര്‍ ഇടപെട്ട് നിര്‍ത്തിച്ചിരുന്നുവത്രെ. മൂന്നുമണിക്കുശേഷം കലക്ടറേറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആരുമുണ്ടാവാറില്ല. പഞ്ചിങ് സമ്പ്രദായം കര്‍ശനമാക്കാന്‍ മുന്‍ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ വിളിച്ച ജില്ലാതല വകുപ്പ് തലവന്മാരുടെ യോഗത്തില്‍ വകുപ്പ് തലവന്മാര്‍ ആരും പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. പങ്കെടുക്കേണ്ട എല്ലാ തലവന്മാരും മെയിലിനും തിരുവനന്തപുരം എക്സ്പ്രസിനും പോയതിനാല്‍ കീഴ്ജീവനക്കാരെയാണ് അയച്ചത്. ക്ഷുഭിതനായ കലക്ടര്‍ യോഗം തുടങ്ങുന്നതിനുമുമ്പുതന്നെ പിരിച്ചുവിടുകയായിരുന്നു. ശുചീകരണസമയത്ത് കലക്ടറേറ്റിന്‍െറ പലഭാഗത്തും മദ്യക്കുപ്പികള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ടോയ്ലെറ്റ് പരിസരത്തും ഇത് കണ്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരോ ടോയ്ലെറ്റിന്‍െറയും ചുമതല ഓരോ ഉദ്യോഗസ്ഥന് നല്‍കിയിരിക്കുകയാണ്. അതേസമയം, കലക്ടര്‍ക്കെതിരെ ജീവനക്കാരില്‍ ഒരുവിഭാഗം പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.