മംഗളൂരുവില്‍ ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുന്നതായി ആക്ഷേപം

കാസര്‍കോട്: മംഗളൂരുവിലെ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കത്തെുന്ന രോഗികളെ കൊള്ളയടിക്കുന്നത് അന്വേഷിക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി, കര്‍ണാടക, കേരള മുഖ്യമന്ത്രിമാര്‍, ആരോഗ്യ മന്ത്രിമാര്‍ എന്നിവര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നും ചികിത്സ തേടി മംഗളൂരുവിലെ വിവിധ സ്വകാര്യ ആശുപത്രികളിലത്തെുന്ന പാവപ്പെട്ട രോഗികളെ ആംബുലന്‍സ് ഡ്രൈവര്‍മാരെ ഏജന്‍റുമാരായി നിയമിച്ച് ആശുപത്രികള്‍ കൊള്ളയടിക്കുകയാണ്. രോഗികളെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ആംബുലന്‍സ് ഡ്രൈവര്‍മാരാണ്. നിസ്സാര ചികിത്സക്കുപോലും മംഗളൂരുവില്‍ അഡ്മിറ്റായാല്‍ ലക്ഷത്തോളം രൂപയാണ് ഈടാക്കുന്നത്. ഡോക്ടര്‍മാരും ആശുപത്രി മാനേജ്മെന്‍റും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വെവ്വേറെയാണ് കമീഷന്‍ നല്‍കുന്നത്. വിവിധ അക്രമങ്ങളില്‍ ഗുരുതരമായ പരിക്കേല്‍ക്കുന്നവര്‍, വാഹനാപകടങ്ങളില്‍പെടുന്നവര്‍, ഹൃദയ സ്തംഭനം, പക്ഷാഘാതം തുടങ്ങിയ അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ എന്നിവരെയാണ് മുഖ്യമായും കൊള്ളയടിക്കുന്നത്. അടിയന്തര ചികിത്സക്ക് ചില ആശുപത്രികളില്‍ എത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റു ഏജന്‍റുമാര്‍ക്കും 4000 രൂപ മുതല്‍ 25,000 രൂപ വരെ കമീഷന്‍ നല്‍കിവരുന്നു. ഈ തുക ആശുപത്രി മാനേജ്മെന്‍റും ഡോക്ടര്‍മാരും പാവപ്പെട്ട രോഗികളുടെ ബില്ലില്‍ ചേര്‍ത്ത് ഈടാക്കുകയാണ്. ഇതുകാരണം മംഗളൂരുവിലെ ചില സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെടുന്ന കേരളത്തില്‍നിന്നുള്ള രോഗികള്‍ ബില്ലടക്കാന്‍ കിടപ്പാടം വില്‍ക്കുകയോ പണയപ്പെടുത്തുകയോ മറ്റു മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യേണ്ടിവരുന്നു. കേരളത്തില്‍നിന്നുള്ള രോഗികളെ അന്യായമായി കൊള്ളയടിക്കുന്ന മംഗളൂരുവിലെ ചില സ്വകാര്യ ആശുപത്രി മാഫിയാ സംഘങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം എസ്.ടി.യു മംഗളൂരുവില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബ്ദുറഹ്മാന്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.