പള്‍സ് പോളിയോ ഒന്നാംഘട്ട മരുന്ന് വിതരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: പള്‍സ് പോളിയോ ഒന്നാംഘട്ട മരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തവണ 553 ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും പോളിയോ വിതരണം നടത്തും. ജനുവരി 17ന് ജില്ലയിലെ 44 പ്രാഥമികാരോഗ്യ പരിധികളില്‍ വരുന്ന അങ്കണവാടികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്കൂളുകള്‍, വായനശാല, ക്ളബുകള്‍, മദ്റസ തുടങ്ങിയ സ്ഥലങ്ങളിലായി 1197 ബൂത്തുകളിലായി രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ തുള്ളിമരുന്ന് വിതരണം നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ എട്ടിന് തൃക്കരിപ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി ബഷീര്‍ നിര്‍വഹിക്കും. ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍, ജില്ലാ അതിര്‍ത്തി കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് 24 ട്രാന്‍സിറ്റ് ബൂത്തുകളും നാടോടി കുട്ടികള്‍, തെരുവ് കുട്ടികള്‍ എന്നിവരെ ലക്ഷ്യമാക്കി 119 മൊബൈല്‍ ടീമുകളെയും സജ്ജീകരിക്കുന്നതാണ്. വിതരണ കേന്ദ്രങ്ങളുടെ മോല്‍നോട്ടത്തിനായി 177ഉം ഗൃഹസന്ദര്‍ശനത്തിനായി 340ഉം സൂപ്പര്‍വൈസര്‍മാരെയും നിയമിക്കും. യാത്രക്കാരായ കുട്ടികളെ ലക്ഷ്യമാക്കി 26 പ്രത്യേക വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. തുള്ളിമരുന്ന് നല്‍കി എന്നുറപ്പ് വരുത്താനായി കുട്ടികളുടെ കൈയ്യില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ച് അടയാളപ്പെടുത്തും. ബൂത്തുതല മരുന്നു വിതരണത്തിനും തുടര്‍ന്ന് സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശനത്തിനുമായി 8752 വളന്‍റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. പരിപാടിക്ക് തെരെഞ്ഞെടുത്ത ആശ, അങ്കണവാടി, നഴ്സിങ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കായി പി.എച്ച്.സി തലത്തില്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന പള്‍സ് പോളിയോ ജില്ലാതല ടാസ്ക് ഫോഴ്സ് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.പി. ദിനേഷ് കുമാര്‍ ആമുഖ ഭാഷണം നടത്തി. ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. മുരളീധര നല്ലൂരായ, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം. രാമചന്ദ്ര, ഡോ. നാരായണ നായിക്, സാമൂഹിക നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി.പി. നാരായണന്‍, ഡോ. കെ.ടി ശേഖര്‍, വിന്‍സന്‍റ് ജോണ്‍, ഡോ. എ. മുഹമ്മദ് അശീല്‍, ഡോ. വിമല്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT