പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം 17ന് തൃക്കരിപ്പൂരില്‍

കാസര്‍കോട്: ജനുവരി 17ന് ജില്ലയിലെ 44 പ്രാഥമികാരോഗ്യ പരിധികളില്‍ വരുന്ന അങ്കണവാടികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്കൂള്‍, വായനശാല, ക്ളബുകള്‍, മദ്റസ തുടങ്ങിയ സ്ഥലങ്ങളില്‍ 1129 ബൂത്തുകളിലായി രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്താന്‍ ജില്ലാ ടാസ്ക് ഫോഴ്സ് യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാതല ഉദ്ഘാടനം 17ന് രാവിലെ എട്ടിന് തൃക്കരിപ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ നിര്‍വഹിക്കും. ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍, ജില്ലാ അതിര്‍ത്തി കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് 24 ട്രാന്‍സിറ്റ് ബൂത്തുകളും നാടോടി കുട്ടികള്‍, തെരുവ് കുട്ടികള്‍ എന്നിവരെ ലക്ഷ്യമാക്കി 118 മൊബൈല്‍ ടീമുകളെയും സജ്ജീകരിക്കും. പള്‍സ് പോളിയോ മരുന്ന് വിതരണ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിനായി 177ഉം ഗൃഹസന്ദര്‍ശനത്തിനായി 340ഉം സൂപ്പര്‍വൈസര്‍മാരെ നിയമിക്കും. പള്‍സ് പോളിയോ പരിപാടിക്കായി ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ ജില്ലയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 1,20,734 കുട്ടികളും 2,98,791 വീടുകളും നിലവിലുള്ളതായി കണ്ടത്തെിയിട്ടുണ്ട്. ബൂത്ത്തല മരുന്ന് വിതരണത്തിനും തുടര്‍ന്ന് സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശനത്തിനുമായി 8752 വളന്‍റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. പരിപാടിക്ക് തെരഞ്ഞെടുത്ത ആശ, അങ്കണവാടി, നഴ്സിങ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കായി പി.എച്ച്.സി തലത്തില്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പള്‍സ് പോളിയോ രോഗ പ്രതിരോധ പരിപാടികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റോട്ടറി ക്ളബുകള്‍, ഐ.എ.പി, ഐ.എം.എ, ലയണ്‍സ് ക്ളബുകള്‍, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി, റെസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക ക്ളബുകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, മര്‍ച്ചന്‍റ്സ്് അസോസിയേഷന്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പള്‍സ് പോളിയോ പരിപാടിക്കായി ആരോഗ്യവകുപ്പിലെ ജില്ലാ മാസ്മീഡിയ വിഭാഗം കമ്യൂണിറ്റി ഫേസ്ബുക് തുറന്നു. www.facebook.com/pulsepolio2016. എന്ന ഐഡിയില്‍ ഫേസ്ബുക് സന്ദര്‍ശിക്കാം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.പി. ദിനേശ്കുമാര്‍, ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. മുരളീധര നല്ലൂരായ, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം. രാമചന്ദ്ര, ഡോ. ഇ.വി. ചന്ദ്രമോഹന്‍, ഐ.എ.പി പ്രസിഡന്‍റ് ഡോ. നാരായണ നായിക്, സാമൂഹികനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി.പി. നാരായണന്‍, ഡി.എം.ഒ ഹോമിയോ ഓഫിസിലെ ഡോ. എ.കെ. രശ്മി, എം.സി.എച്ച് ഓഫിസര്‍ പി.ടി. സെലീന, മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ബി.കെ. പ്രമോദ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ കെ. ശിവരാമകൃഷ്ണന്‍, പബ്ളിക് ഹെല്‍ത് നഴ്സ് സി.സി. ത്രേസ്യാമ്മ, വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് എ. നാരായണി, ഭരതന്‍ നായര്‍, കെ.എസ്. രാഘവന്‍, എം. ഗോവിന്ദ നായിക്, കെ.വി. ജിതേഷ്കുമാര്‍, പി.ആര്‍. സത്യപാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.