കളനാട് പേപ്പട്ടി ആക്രമണം; പത്തിലേറെ പേര്‍ക്ക് കടിയേറ്റു

കാസര്‍കോട്: കളനാട് മേഖലയില്‍ പരക്കെ പേപ്പട്ടി ആക്രമണം. പത്തിലേറെ പേര്‍ക്ക് കടിയേറ്റു. മഞ്ചേശ്വരം, തെക്കില്‍ പറമ്പ് എന്നിവിടങ്ങളിലും പേപ്പട്ടി അപകടകാരിയായി. കളനാട് പള്ളിവയലിലെ ജാനകി (49), പുഷ്പകല (37), കളനാട് തൊട്ടിയിലെ രുഗ്മിണി (60), യശോദ (61), ശാന്തകുമാരി (42), മഞ്ചേശ്വരം ക്ഷേത്രത്തിനു സമീപത്തെ വെങ്കടേഷ് (74), അണങ്കൂരിലെ ചന്ദ്രാവതി (37) എന്നിവര്‍ക്കാണ് ചൊവ്വാഴ്ച പേപ്പട്ടിയുടെ കടിയേറ്റത്. ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എട്ടുപേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. കളനാട് മേഖലയിലുള്ളവരെ കടിച്ചത് ഒരേ പട്ടി തന്നെയാണ്. മാങ്ങാട് ഭാഗത്തുനിന്നാണ് പട്ടി വന്നത്. രണ്ടു മണിക്ക് തുടങ്ങിയ ആക്രമണം നാലുമണിവരെ നീണ്ടു. നാലുമണിയോടെ വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു. ചെമ്മനാട് പഞ്ചായത്തിലെ 15, 16 വാര്‍ഡുകളില്‍ പെട്ടവരാണ് കടിയേറ്റവര്‍. നായശല്യം രൂക്ഷമാണെന്നും എന്നാല്‍ നടപടിയെടുത്താല്‍ പൊലീസ് കേസെടുക്കുന്നതുകൊണ്ട് കൊല്ലാന്‍ ആളെ കിട്ടുന്നില്ളെന്നും വാര്‍ഡ് അംഗങ്ങളായ കെ. കൃഷ്ണന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ പറഞ്ഞു. നേരത്തേ ജീവനു ഭീഷണിയാകുന്ന പട്ടികളെ കൊല്ലാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുറെ തെരുവുനായ്ക്കളെ കൊന്നു. ചത്ത പട്ടികളെ കൂട്ടിയിട്ട പടം ഒരാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. കൊന്നവരുടെ ചിത്രവും അതിലുണ്ടായിരുന്നു. കൊന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തതോടെ കൊല്ലാന്‍ ആളില്ലാതായി -അംഗങ്ങള്‍ പറഞ്ഞു. തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാന്‍ നടപടി സ്വീകരിക്കണമെന്ന് കടിയേറ്റവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.