പൊലീസിനെ തുണച്ചത് മികച്ച ആസൂത്രണം

കാസര്‍കോട്: സ്വര്‍ണ വിതണക്കാരനെ കൊള്ളയടിച്ച കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിനെ തുണച്ചത് ശാസ്ത്രീയമായ അന്വേഷണവും മികച്ച ആസൂത്രണവും. ഒരു മാസം അഞ്ചു ദിവസം കൊണ്ടാണ് പൊലീസ് കേസ് തെളിയിച്ചത്. ജനുവരി 12ന് രാത്രി ഏഴ് മണിക്ക് കാസര്‍കോട് കെ.പി.ആര്‍ റാവു റോഡില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപമാണ് തൃശൂര്‍ ചെമ്പുകാവ് സ്വദേശിയായ സ്വര്‍ണ വിതരണക്കാരന്‍ ടോണി കൊള്ളയടിക്കപ്പെട്ടത്. ചാര നിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ നിന്നിറങ്ങിയ യുവാവ് ടോണിയെ തള്ളിയിട്ട് ബാഗുമായി അതേ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു ദൃക്സാക്ഷികള്‍ പറഞ്ഞത്. ചാര നിറത്തിലുള്ള കാറിനെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യം അന്വേഷണം. ദൃക്സാക്ഷികള്‍ പറഞ്ഞ ഏകദേശ രജിസ്റ്റര്‍ നമ്പര്‍ വെച്ച് പൊലീസ് ആദ്യം ആര്‍.ടി.ഒ ഓഫിസില്‍ അന്വേഷണം നടത്തി. അങ്ങനെയൊരു നമ്പര്‍ ഇല്ളെന്ന് മനസ്സിലായതോടെ പറഞ്ഞ സീരീസിലുള്ള കാര്‍ നമ്പറുള്ള മുഴുവന്‍ പേരുടെയും നമ്പറുകള്‍ പൊലീസ് ശേഖരിച്ചു. ഇതുവെച്ച് അന്വേഷിച്ചപ്പോള്‍ വിട്ലയിലുള്ള ഒരു കാര്‍ നമ്പര്‍ പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടു. പിന്നീട് ഉപ്പള-മിയാപ്പദവ് റൂട്ടില്‍ അന്നോടിയിരുന്ന സ്വകാര്യ വാഹനങ്ങളും പൊലീസ് പരിശോധിച്ചു. പിന്നീടാണ് പൊലീസ്, പുത്തൂരില്‍ ടോണി സ്വര്‍ണം കൊടുത്ത കടയിലത്തെുന്നത്. അവിടത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങളില്‍ ചില പന്തികേടുകള്‍ തോന്നി. രാജധാനി ജ്വല്ലറിയിലെ സെയില്‍സ്മാനായ ദര്‍ബെ സിറാജ് ഹോട്ടലിന് സമീപത്തെ മന്‍സൂറിനെ സംശയത്തിന്‍െറ പേരില്‍ ചോദ്യം ചെയ്ത് വിട്ടയച്ചതോടെ കേസില്‍ ചില സുപ്രധാന തെളിവുകള്‍ ലഭിച്ചു. പിന്നീട് മന്‍സൂറിന്‍െറ ഫോണ്‍കോളുകള്‍ ട്രേസ് ചെയ്ത പൊലീസ്, ഗുജ്രി അമ്മിയുടെയും കേസിലെ മറ്റൊരു പ്രതിയായ പൂഴികടത്തുകാരന്‍ അബ്ദുല്‍ റാസിഖിന്‍െറയും ഫോണുകള്‍ ജനുവരി 12ന് കാസര്‍കോട് ടവറിന് കീഴെയായിരുന്നുവെന്ന് മനസ്സിലാക്കി. മന്‍സൂറിന്‍െറ ഫോണ്‍ ലൊക്കേഷന്‍ ഒഡിഷയില്‍ നിന്ന് കണ്ടത്തെിയതോടെ മന്‍സൂറിന് മറ്റു സംസ്ഥാനങ്ങളില്‍ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടത്തെി. തുടര്‍ന്ന് മന്‍സൂറിനെ രഹസ്യ പൊലീസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് ഒഡിഷയില്‍ നിന്ന് കടത്തിയ പത്തു കിലോ കഞ്ചാവ് പിടികൂടിയത്. ആ കേസില്‍ അറസ്റ്റ് ചെയ്ത തടിയന്‍ അസീസില്‍ നിന്ന് പൊലീസിന് ചില വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചു. അങ്ങനെ എല്ലാ തെളിവുകളും ശേഖരിച്ചശേഷം കാസര്‍കോട് സി.ഐ പി.കെ.സുധാകരന്‍ മന്‍സൂറിനെ പിടികൂടി. ചോദ്യം ചെയ്യലില്‍ മന്‍സൂര്‍ സത്യം പറഞ്ഞു. പിന്നീട് അബ്ദുല്‍ റാസിഖിനെയും ഇവര്‍ രണ്ടുപേരെയും മുന്നില്‍നിര്‍ത്തി അബ്ദുല്‍ ഹമീദ് എന്ന ഗുജ്രി അമ്മിയെയും പിടികൂടുകയായിരുന്നു. 28 കേസുകള്‍ നിലവിലുള്ള ഗുജ്രി അമ്മി ഇതുവരെ ഒരു കേസിലും കാര്യമായി ശിക്ഷിക്കപ്പെട്ടിട്ടില്ല. മറ്റു ഏഴുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം കര്‍ണാടക അതിര്‍ത്തിയില്‍ ഊര്‍ജിതമായി നടക്കുന്നതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.