മംഗളൂരു ജയിലില്‍ നടന്നത് അധോലോക ആസൂത്രിത ഇരട്ടക്കൊല

മംഗളൂരു: അധോലോക ശക്തികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കഴിഞ്ഞ നവംബര്‍ രണ്ടിന് മംഗളൂരു ജില്ലാ ജയിലിലുണ്ടായ ഇരട്ടക്കൊലയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെി. ഇതനുസരിച്ചുള്ള കുറ്റപത്രം തയാറായി. മുംബൈ അധോലോക കണ്ണി ചോട്ടാ ഷക്കീലിന്‍െറ കൂട്ടാളി ഇസ്ബു, സഹായി ഗണേഷ് ഷെട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രാതല്‍ കഴിക്കാന്‍ തടവുകാരെ പുറത്തിറക്കിയ സമയത്തായിരുന്നു നഗരത്തെ പിടിച്ചുലച്ച സംഭവം. കൊലപാതക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വിക്കി ഷെട്ടി പ്രാദേശിക ചാനലുകളെ അറിയിച്ചിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.സംഭവ ദിവസം ജയിലിന്‍െറ പഴയ, പുതിയ ബ്ളോക്കുകള്‍ വേര്‍തിരിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ നടക്കുകയായിരുന്ന ഇസ്ബുവിനുനേരെ തടവുകാരുടെ സംഘം ചാടിവീഴുകയായിരുന്നു. ഇയാളുടെ മൃതദേഹത്തില്‍ 40 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കേറ്റ ആഴത്തിലുള്ള വെട്ടാണ് ഷെട്ടിയുടെ മരണ കാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.അധോലോക കുടിപ്പക തീര്‍ക്കാന്‍ തടവുകാരുടെ സംഘത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തി ജയിലിനോടുചേര്‍ന്ന മരത്തില്‍നിന്ന് അകത്തേക്കിടുകയോ, മതിലിന് പുറത്തുനിന്ന് എറിഞ്ഞുകൊടുക്കുകയോ ചെയ്തതാകാമെന്നാണ് കുറ്റപത്രത്തില്‍ ബാര്‍കെ പൊലീസിന്‍െറ നിഗമനം.ഇരട്ടക്കൊല നടന്ന ദിവസം പരിക്കേറ്റ് വെന്‍റ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതീപ് വാമഞ്ചൂര്‍, ഉമേഷ് കോമ്പാര്‍, യുവരാജ് സുറിഞ്ചെ, ശോഭ രാജ്, നികേഷ്, ഇഖ്ബാല്‍, ആസിഫ് എന്നീ തടവുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മുഖ്യസൂത്രധാരന്‍ ഇപ്പോഴും വലക്ക് പുറത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.