തൃക്കരിപ്പൂര്‍: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ചെറുവത്തൂര്‍ ഉപജില്ലയില്‍ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സ്കോളര്‍ഷിപ്പും വിതരണം ചെയ്തില്ല. പുതിയ വര്‍ഷത്തെ പരീക്ഷ ഇന്നലെ നടത്തിയിട്ടും ഇത് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയിട്ടില്ല. ചെറുവത്തൂര്‍ ഉപജില്ലയില്‍ ആറ് എല്‍.എസ്.എസ് കേന്ദ്രങ്ങളും രണ്ട് യു.എസ്.എസ് കേന്ദ്രങ്ങളുമാണ് ഇത്തവണ പ്രവര്‍ത്തിച്ചത്. എല്‍.എസ്.എസിനായി 402 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 398 പേര്‍ ഹാജരായി. യു.എസ്.എസ് വിഭാഗത്തില്‍ 342 പേര്‍ രജിസ്റ്റര്‍ ചെയ്തു. 11 കുട്ടികള്‍ എത്തിയില്ല. പി.എസ്.സി.യുടെ ഒ.എം.ആര്‍ രീതിയാണ് പരീക്ഷക്ക് അവലംബിച്ചത്. 90 മാര്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് 70 ശതമാനം മാര്‍ക്ക് വാങ്ങുന്നവരാണ് യു.എസ്.എസ് പരീക്ഷയില്‍ വിജയിക്കുന്നത്. എല്‍.എസ്.എസ് പരീക്ഷക്ക് 80 ചോദ്യങ്ങളാണ്. സ്കോളര്‍ഷിപ്പിന് അര്‍ഹത നേടണമെങ്കില്‍ 48 മാര്‍ക്ക് നേടിയിരിക്കണം. കഴിഞ്ഞ വര്‍ഷം ഉപജില്ലയില്‍ നിന്ന് 34 കുട്ടികളാണ് എല്‍.എസ്.എസ് സ്കോളര്‍ഷിപ് നേടിയത്. യു.എസ്.എസ് വിഭാഗത്തില്‍ 26 കുട്ടികള്‍ സ്കോളര്‍ഷിപ് പരീക്ഷ ജയിച്ചിരുന്നു. ഇതില്‍ 13 കുട്ടികള്‍ പടന്ന പഞ്ചായത്തിലെ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്കൂള്‍ കുട്ടികളാണ്. യു.എസ്.എസ് വിഭാഗത്തില്‍ പിന്നാക്ക വിഭാഗത്തില്‍ 17 പേരും പൊതുവിഭാഗത്തില്‍ ഏഴ് പേരും എസ്.സി വിഭാഗത്തില്‍ രണ്ട് പേരുമാണുള്ളത്. എല്‍.എസ്.എസ് പരീക്ഷ വിജയിച്ചവരില്‍ 22 പേരാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളത്. പൊതു വിഭാഗത്തില്‍ നിന്ന് എട്ടും ഒ.ഇ.സി ഒന്നും എസ്.സി വിഭാഗത്തിലെ മൂന്നും കുട്ടികളുണ്ട്. 2015 മേയ് മാസമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ്, സമ്മാനത്തുക എന്നിവ നല്‍കാന്‍ നടപടിയുണ്ടായില്ല. അതേസമയം, 2013-14 അധ്യയന വര്‍ഷത്തെ സ്കോളര്‍ഷിപ് വിതരണവും വൈകിയിരുന്നു. പരീക്ഷാ കമീഷണറാണ് സ്കോളര്‍ഷിപ് പരീക്ഷ നടത്തുന്നത്. ഡയറ്റുകളാണ് ജില്ലാതലത്തില്‍ സ്കോളര്‍ഷിപ് വിതരണം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. അതേസമയം, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ വഴിയാണ് ഓഫിസ് ജോലികള്‍ നടത്തുന്നത്. ഉപജില്ലയിലെ 60 കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള സ്കോളര്‍ഷിപ് തുകയായ 6400 രൂപക്ക് പകരം 495 രൂപ മാത്രമാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.