കുട്ടികള്‍ കഞ്ചാവ് ലോബിയുടെ കെണിയില്‍

കാഞ്ഞങ്ങാട്: നഗര പരിസരത്തെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ പലരും കഞ്ചാവ് മാഫിയയുടെ വലയില്‍. കഞ്ചാവ് കിട്ടാതെ പരാക്രമം കാണിച്ച 14 കാരന്‍ വീട്ടിനകത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. തക്ക സമയത്ത് വീട്ടുക്കാരുടെ ശ്രദ്ധയില്‍പെട്ടതിനാലാണ് കുട്ടിയെ രക്ഷിക്കാനായത്. ഇതേ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സംഘടിച്ച് കുട്ടികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തില്‍പെട്ട രണ്ടുപേരെ തിരഞ്ഞ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ആവിയില്‍ സ്വദേശി പി.കെ സൈനുദ്ദീന്‍(32), കുശാല്‍ നഗറില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബദിയടുക്ക സ്വദേശി ബി. ഷാജി(42) എന്നിവരെയാണ് നാട്ടുകാര്‍ പൊലീസിന് കൈമാറിയത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. കുശാല്‍ നഗര്‍, ആവിക്കര, പടന്നക്കാട് മേല്‍പാലം, കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് പരിസരം റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് കഞ്ചാവ് വില്‍പനക്കാര്‍ തമ്പടിക്കുന്നത്. ആവിക്കര വര്‍ഷങ്ങളായി കഞ്ചാവ് വില്‍പനക്ക് കുപ്രസിദ്ധമാണെങ്കിലും ഇതേവരെ അതില്ലാതാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിദ്യാര്‍ഥികളെ കഞ്ചാവ് വില്‍പന സംഘത്തിന്‍െറ ഏജന്‍റുമാരായും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, വില്‍പനക്കാരെ വരുതിയിലാക്കാന്‍ പൊലീസിനോ എക്സ്സൈസ് വിഭാഗത്തിനോ കഴിഞ്ഞിട്ടില്ല. നഗരത്തില്‍ കഞ്ചാവ് കടത്തും വില്‍പനയും യഥേഷ്ടം നടക്കുമ്പോള്‍ വല്ലപ്പോഴും അമ്പതോ നൂറോ ഗ്രാം പിടിച്ചെടുത്ത് കടമ നിര്‍വഹിക്കുന്ന രീതിയാണ് എക്സൈസ് ഉദ്യോഗസ്ഥരുടേത്. തലപ്പത്തുള്ളവര്‍ സുരക്ഷിതരായി വിലസുമ്പോള്‍ ചില ഇടനിലക്കാര്‍ മാത്രമാണ് പിടിയിലാകുന്നത്. 100 ഗ്രാമിന് താഴെയുള്ള ചെറിയ കെട്ടുകളായാണ് ചെറുകിട വില്‍പനക്കാര്‍ കഞ്ചാവ് കടത്തുന്നത്. ഇതു കാരണം പലപ്പോഴും പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ കിട്ടാനുള്ള സാധ്യത കുറയുന്നു. ഇവരുടെ ആസ്ഥാനം കണ്ടത്തൊന്‍ കഴിയുന്നതുമില്ല. മലയോര മേഖലയിലേക്കും കാഞ്ഞങ്ങാട് വഴി വന്‍തോതില്‍ കഞ്ചാവ് എത്തുന്നുണ്ട്. ഇടുക്കി, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും കഞ്ചാവ് കൊണ്ടുവരുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ വഴി ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് എത്തുന്നതായി സമീപ കാലത്ത് ലഭിച്ച ചില വിവരങ്ങള്‍ സൂചന നല്‍കുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കാസര്‍കോട് നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ടി.പി. പ്രേമരാജനും സംഘവും ഒഡിഷയിലെ രാംപൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നഗര പരിസരത്തെ ചില വിദ്യാലയങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.