വെളിച്ചമില്ല: ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു

കാസര്‍കോട്: ദേശീയപാതയില്‍ വെളിച്ചമില്ലാത്തത് കാരണം അപകടങ്ങള്‍ പതിവാകുന്നു. ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് രണ്ട് മാസത്തിനുള്ളില്‍ സംഭവിച്ചത്. ദേശീയപാത 17ല്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയാണ് ഒരിടത്തും തെരുവുവിളക്കുകള്‍ ഇല്ലാത്തത്. ഇലക്ട്രിക്ക് തൂണുകള്‍ നിരവധി ഉണ്ടെങ്കിലും ഒന്നിലും ബള്‍ബുകളില്ല. ബള്‍ബുകളുള്ളവയാവട്ടെ പ്രകാശിക്കുന്നുമില്ല. രാത്രി ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ക്കും എഴുമണിക്ക് ശേഷം പുറപ്പെടുന്ന ബസുകള്‍ക്കും ഇതു മൂലം വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ ടൗണ്‍ വരെ വലിയ വളവുകളും തിരിവുകളുമാണ് റോഡു മുഴുവന്‍. പാതയോരം മുഴുവന്‍ പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ എതിര്‍ വശങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാനും പ്രയാസമാണ്. മഴ കഴിഞ്ഞ് ദേശീയപാതയിലെ പുല്ലുകളും കളകളും വര്‍ഷത്തില്‍ വൃത്തിയാക്കാറുണ്ട് . എന്നാല്‍, ഈ വര്‍ഷത്തെ മഴക്ക് ശേഷം പുല്ലുകളും കാടുകളും വെട്ടിവൃത്തിയാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബൈക്കുകളും ഓട്ടോറിക്ഷകളും റോഡിലെ ചെറുകുഴികളില്‍ വീണ് അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്. ചെര്‍ക്കള കഴിഞ്ഞാല്‍ പിന്നെ ചട്ടഞ്ചാല്‍ ജങ്ഷന്‍ വരെ സൂചനാ ബോര്‍ഡുകളില്ലാത്തതും വലിയ പ്രശ്നമാവുന്നുണ്ട്. ദൂരദേശങ്ങളില്‍ നിന്ന് വരുന്ന വിനോദ സഞ്ചാരികളാണ് ഇതുമൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത്. പൊയിനാച്ചി, കുണിയ, ചട്ടഞ്ചാല്‍ ജങ്ഷന്‍ എന്നിവിടങ്ങള്‍ സൂചന ബോര്‍ഡുകള്‍ ഉണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ ഇതൊന്നും കാണാത്ത സ്ഥിതിയാണ്. ടാങ്കര്‍ ലോറികളും കണ്ടെയ്നറുകളുമടക്കം നിത്യേന രാത്രിയില്‍ അറുപതോളം നാഷനല്‍ പെര്‍മിറ്റ് ലോറികളാണ് ഇതുവഴി കടന്നുപോവുന്നത്. പൊതുമരാമത്ത് വകുപ്പിന്‍െറ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നപ്പോള്‍ അതത് പഞ്ചായത്തുകളാണ് റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. ചെര്‍ക്കള, ചെങ്കള പഞ്ചായത്തുകള്‍ വൈദ്യുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍, കൃത്യമായ വൈദ്യുതി ബില്‍ കെട്ടുന്നുണ്ടെന്നും വിളക്കുകള്‍ കത്താത്തതിന് പിന്നില്‍ വൈദ്യുതി വകുപ്പിലെ ജീവനക്കാരാണെന്നും പഞ്ചായത്തധികൃതരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.