തീരനിയമം: പ്രതിഷേധത്തിരയില്‍ തീരദേശം നിശ്ചലമായി

തൃക്കരിപ്പൂര്‍: കേന്ദ്ര തീരദേശ നിയന്ത്രണ ചട്ടങ്ങളില്‍ ദ്വീപ് വാസികള്‍ക്ക് ഇളവ് ആവശ്യപ്പെട്ട് വലിയപറമ്പ് പഞ്ചായത്ത് കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ തീരദേശം നിശ്ചലമായി. കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്ര വാഹങ്ങള്‍ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങളടക്കം ഒന്നും റോഡില്‍ ഇറങ്ങിയില്ല. സ്കൂളുകള്‍, മദ്റസകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എല്ലാം അടഞ്ഞുകിടന്നു. പ്രദേശത്തെ ജനങ്ങള്‍ ജോലിക്ക് പോകാതെ ഹര്‍ത്താലില്‍ പങ്കുചേര്‍ന്നു. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് വലിയപറമ്പ പഞ്ചായത്തിന് തീരദേശ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെ ഹര്‍ത്താല്‍ ആചരിച്ചത്.തീരപരിപാലന നിയമം കര്‍ക്കശമാക്കിയതോടെ, അറബിക്കടലിനും കവ്വായിക്കായലിനും മധ്യേയുള്ള വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ളെന്ന സാഹചര്യം ഉടലെടുത്തിരുന്നു. വലിയപറമ്പിന്‍െറ 90 ശതമാനവും തീര നിയമത്തിന്‍െറ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ്. തീരനിയമത്തില്‍ തന്നെ നാല് സോണുകള്‍ക്ക് പുറമേ പ്രത്യേക പരിഗണ നല്‍കിയ പ്രദേശങ്ങളിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 24 കിലോമീറ്റര്‍ ദൈര്‍ഘ്യവും ശരാശരി 800 മീറ്റര്‍ വീതിയുമാണ് വലിയപറമ്പ ദ്വീപിനുള്ളത്. കടലില്‍ നിന്ന് 200 മീറ്ററും കായലില്‍ നിന്ന് 50 മീറ്ററും വിട്ടുവേണം നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിന്.ഇത്തരത്തില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ പാവങ്ങള്‍ക്കായി പണിയുന്ന വീടുകള്‍ക്ക് പോലും അനുമതി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. ഓരോ അപേക്ഷയും പരിഗണിക്കാന്‍ സി.ആര്‍.ഇസെഡിന്‍െറ തിരുവനന്തപുരത്തെ സംസ്ഥാന സമിതിയില്‍ പരിഗണനക്കായി വിടേണ്ടി വരുന്നു. ചെറുവീടുകള്‍ക്ക് അടുത്ത നാളുകളായി അനുമതി ലഭിക്കുന്നുണ്ട്. ദ്വീപിന്‍െറ തെക്കറ്റത്തെ വാര്‍ഡ് ശരാശരി 100 മീറ്റര്‍ വീതിയിലാണ്. മധ്യഭാഗത്ത് വലിയപറമ്പ പഞ്ചായത്ത് ഓഫിസ് പരിസരത്താണ് ഏറ്റവും കൂടിയ വീതി, 800 മീറ്റര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.