കാഞ്ഞങ്ങാട്ട് സി.ഐ.ടി.യു -ബി.എം.എസ് തര്‍ക്കം

കാഞ്ഞങ്ങാട്: ചരക്കിറക്കുന്നതിനുള്ള അവകാശത്തെ ചൊല്ലി കാഞ്ഞങ്ങാട്ട് സി.ഐ.ടി.യു-ബി.എം.എസ് പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥയിലത്തെി. നേതാക്കളും പൊലീസും ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ഇന്നലെ രാവിലെ കിഴക്കുംകര കുശവന്‍ കുന്നിലെ ഹാര്‍ഡ്വെയര്‍ വ്യാപാര സ്ഥാപനത്തിലേക്ക് ഇരുമ്പ് കമ്പികളും മറ്റ് സാധനങ്ങളും ലോറിയില്‍ നിന്ന് ഇറക്കാനത്തെിയ സി.ഐ.ടി.യു പ്രവര്‍ത്തകരെ മാവുങ്കാലില്‍ നിന്നത്തെിയ ബി.എം.എസ് പ്രവര്‍ത്തകര്‍ തടഞ്ഞ് ചരക്കിറക്കിയതാണ് കുഴപ്പത്തിനിടയാക്കിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ടൗണില്‍ നിന്ന് കൂടുതല്‍ സി.ഐ.ടി.യു പ്രവര്‍ത്തകരും മാവുങ്കാല്‍, പുതിയ കോട്ട എന്നിവിടങ്ങളില്‍ നിന്ന് ബി.എം.എസ് പ്രവര്‍ത്തകരും സംഘടിച്ച് എത്തിയതോടെ സ്ഥിതി സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. പിന്നീട് പൊലീസും സി.ഐ.ടി.യു, ബി.എം.എസ് നേതാക്കളും സ്ഥലത്തത്തെി ഇരുകൂട്ടരെയും അനുനയിപ്പിച്ചാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കിയത്. കുശവന്‍കുന്ന് ഉള്‍പ്പെടുന്ന മേഖലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ചരക്ക് കയറ്റിറക്ക് നടത്തുന്നതിന് ഇരുവിഭാഗവും അവകാശ വാദം ഉന്നയിക്കുന്നതാണ് തര്‍ക്കത്തിന് കാരണമായത്. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ കുശവന്‍ കുന്ന് വരെയുള്ള ഭാഗത്തെ കയറ്റിറക്ക് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് സി.ഐ.ടി.യു പ്രവര്‍ത്തകരും മാവുങ്കാല്‍ ജങ്ഷന്‍ മുതല്‍ കുശവന്‍കുന്ന് വരെയുള്ള ഭാഗം തങ്ങളുടെ പരിധിയിലാണെന്ന് ബി.എം.എസ് പ്രവര്‍ത്തകരും പറയുന്നു. നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ നാരായണന്‍, ഹോസ്ദുര്‍ഗ് അഡീ.എസ്.ഐമാരായ വിശ്വേന്ദ്രന്‍, ശിവദാസന്‍, സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കണ്ണീര്‍ വാതകഷെല്ലുകള്‍ ഉള്‍പ്പെടെ സന്നാഹവുമായി പൊലിസ് സംഘമത്തെിയത്. തൊഴിലാളി നേതാക്കളായ കാറ്റാടി കുമാരന്‍, കൃഷ്ണന്‍ പുല്ലൂര്‍, വിശ്വന്‍, സത്യനാഥ്, ഭാസ്കരന്‍ ഏച്ചിക്കാനം, കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍, അജാനൂര്‍ പഞ്ചായത്തംഗം രതീഷ് തുടങ്ങിയവര്‍ ഇടപെട്ടാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT