കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്: സ്ത്രീകള്‍ക്കുള്ള വിശ്രമ കേന്ദ്രം രണ്ട് വര്‍ഷമായിട്ടും തുറന്നില്ല

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിലെ സ്ത്രീ യാത്രക്കാര്‍ക്കുള്ള സൗജന്യ വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും തുറന്നില്ല. കാസര്‍കോടത്തെി പുലര്‍ച്ചെ ബസില്‍ ദൂരദേശങ്ങളിലേക്ക് പോകുന്ന സ്ത്രീ യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്. സ്ത്രീ യാത്രക്കാര്‍ക്കും ശാരീരികാവശതയുള്ളവര്‍ക്കും രോഗികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍വഹിക്കാനും സുരക്ഷിതമായി വിശ്രമിക്കാനുമാണ് രണ്ടുവര്‍ഷം മുമ്പ് വിശ്രമ കേന്ദ്രം പണിതത്. കേന്ദ്ര സര്‍ക്കാറിന്‍െറ പ്രത്യേക ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. അരക്കോടി രൂപയോളം ചെലവാക്കി പണിത കെട്ടിടം 2013 ആഗസ്റ്റ് ഒന്നിനാണ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. സ്ത്രീകള്‍ക്ക് അടിസ്ഥാന കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ സൗകര്യവും കെട്ടിടത്തിലുണ്ടാവുമെന്ന് അന്ന് ചടങ്ങില്‍ സംസാരിച്ച കെ.എസ്.ആര്‍.ടി.സി എം.ഡി കെ.ജി. മോഹന്‍ദാസ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇന്നുവരെ ഒരു സ്ത്രീയും വിശ്രമകേന്ദ്രം ഉപയോഗപ്പെടുത്തിയിട്ടില്ല. വിശ്രമകേന്ദ്രത്തിന് മുന്നില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ കെട്ടിടം കാണാനും പറ്റുന്നില്ല. വിശ്രമകേന്ദ്രത്തിന്‍െറ മുകളിലത്തെ നില വനിതാ കണ്ടക്ടര്‍മാരാണ് ഉപയോഗിക്കുന്നത്. ഗാര്‍ഡുമാര്‍ക്കാണ് വിശ്രമകേന്ദ്രത്തിന്‍െറ ചാര്‍ജ്. സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടാത്തതിനാലാണ് തുറന്നുകൊടുക്കാത്തതെന്നാണ് അധികൃതരുടെ വാദം. മതിയായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കുന്ന സ്ത്രീ യാത്രക്കാര്‍ക്ക് വിശ്രമ മുറി സൗജന്യമായി നല്‍കണമെന്നാണ് നിയമം. 14 അന്തര്‍ സംസ്ഥാന ബസുകളടക്കം 114ഓളം ബസുകള്‍ ദിനവും കാസര്‍കോട് എത്തുന്നുണ്ട്. വിശ്രമ കേന്ദ്രം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.