കളിമണ്ണില്‍ വിസ്മയം തീര്‍ത്ത രേവതിക്ക് ദേശീയ പുരസ്കാരം

ചെറുവത്തൂര്‍: കളിമണ്ണില്‍ വിസ്മയം തീര്‍ത്ത രേവതി കേരളത്തിന് അഭിമാനമായി. ശില്‍പകലയില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ടാലന്‍റ് റിസര്‍ച് അവാര്‍ഡ് സ്കോളര്‍ഷിപ്പാണ് കൊടക്കാട് ഒറോട്ടിച്ചാലിലെ കെ.എം. രേവതിക്ക് ലഭിച്ചത്. ഇന്ത്യയില്‍ ഈ അംഗീകാരം നേടിയ മൂന്ന് ബാല ശില്‍പികളില്‍ ഒരാളാണ് രേവതി എന്നത് വിജയത്തിന്‍െറ മാറ്റുകൂട്ടുന്നു. 29 സംസ്ഥാനങ്ങളില്‍ നടത്തിയ ശില്‍പ നിര്‍മാണ പരീക്ഷയിലൂടെയാണ് വിജയികളെ കണ്ടത്തെിയത്. കേരളത്തില്‍ തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ യാത്ര എന്ന വിഷയത്തില്‍ തുഴവഞ്ചിയില്‍ യാത്രക്കാര്‍ പോകുന്ന ശില്‍പമാണ് രേവതി കളിമണ്ണില്‍ തീര്‍ത്തത്. ഈ അംഗീകാരത്തിലൂടെ രേവതിക്ക് മാസത്തില്‍ 1150 രൂപ സ്കോളര്‍ഷിപ് ലഭിക്കും. ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്‍െറ ശിക്ഷണത്തിലാണ് രേവതി ശില്‍പ നിര്‍മാണം പരിശീലിച്ചത്. കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു.പി സ്കൂള്‍ ഏഴാംതരം വിദ്യാര്‍ഥിയായ രേവതി, ബാബുവിന്‍െറയും കെ.എം. ലീലയുടെയും മകളാണ്. നവോത്ഥാന നായകരുടേത് ഉള്‍പ്പെടെ നിരവധി ശില്‍പങ്ങള്‍ രേവതി ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. ഇവയുടെ പ്രദര്‍ശനം ജനുവരിയില്‍ കാഞ്ഞങ്ങാട് കേരള ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.