കാഞ്ഞങ്ങാട്: അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വിജിലന്‍സ് സംഘം രണ്ടിടങ്ങളിലായി പരിശോധന നടത്തി. നഗരസഭയുടെ നിയന്ത്രണത്തിലുള്ള അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറിയെന്ന പരാതിയെ കുറിച്ചും മഡിയനില്‍ കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണ്‍ മോടി പിടിപ്പിക്കുന്നതില്‍ വന്‍ തുക ചെലവഴിച്ചുവെന്നും അനധികൃത നിയമനം നടത്തി എന്നുമുള്ള പരാതി സംബന്ധിച്ച അന്വേഷണത്തിന്‍െറ ഭാഗമായാണ് വിജിലന്‍സ് പരിശോധന നടന്നത്. വിജിലന്‍സ് കാസര്‍കോട് യൂനിറ്റിലെ സി.ഐ പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. കണ്‍സ്യൂമര്‍ ഫെഡിന്‍െറ മഡിയനിലുള്ള റീജനല്‍ ഓഫിസില്‍ വിജിലന്‍സ് യൂനിറ്റ് സി.ഐ അനില്‍കുമാറിന്‍െറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മഡിയനിലെ പരിശോധനയില്‍ കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ രാഘവേന്ദ്രയും സന്നിഹിതനായിരുന്നു. 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് മോടി കൂട്ടിയ കെട്ടിടത്തില്‍ ക്രമക്കേട് കണ്ടത്തെിയതായി വിജിലന്‍സ് സി.ഐ അനില്‍കുമാര്‍ അറിയിച്ചു. അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സ്ഥലം കൈയേറിയതിനെ സംബന്ധിച്ച് അടുത്ത ആഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് സി.ഐ ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. സ്ഥലം കൈയേറിയെന്ന പരാതികളില്‍ അന്നത്തെ നഗരസഭ സെക്രട്ടറി ജോണ്‍, നഗരസഭ എന്‍ജിനീയര്‍ ഗണേശന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. സ്ഥലവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സര്‍വേ സംഘവും വിജിലന്‍സിനെ സഹായിക്കാന്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.