തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം: മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തില്‍ വാക്കേറ്റം

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി വെള്ളിയാഴ്ച ചിത്താരി അസീസിയ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ചേര്‍ന്ന യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മെംബര്‍ഷിപ് അടിസ്ഥാനത്തിലുള്ള അടുത്ത നാലു വര്‍ഷത്തേക്കുള്ള പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് യോഗംചേര്‍ന്നത്. ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, മണ്ഡലം പ്രസിഡന്‍റ് ബഷീര്‍ വെള്ളിക്കോത്ത്, റിട്ടേണിങ് ഓഫിസര്‍ എം. ഇബ്രാഹീം ഹാജി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറും ലീഗ് മണ്ഡലം സെക്രട്ടറിയുമായ എം.പി. ജാഫര്‍ എന്നിവര്‍ നോക്കിനില്‍ക്കെയാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ലീഗ് ഭരണഘടനപ്രകാരം വാര്‍ഡ് തലത്തില്‍ വിതരണം ചെയ്യുന്ന 50 മെംബര്‍ഷിപ്പിന് ഒരു പഞ്ചായത്ത് കൗണ്‍സിലര്‍ എന്നാണ് കണക്ക്. എന്നാല്‍, ഒൗദ്യോഗിക നേതൃത്വം ഒരു പാനല്‍ അവതരിപ്പിക്കുകയും അത് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് എതിര്‍ചേരിയിലുള്ളവര്‍ പറഞ്ഞു. പാനല്‍ അവതരിപ്പിച്ചെങ്കിലും ഓദ്യോഗികനേതൃത്വത്തോട് അടുപ്പമില്ലാത്ത ചിലര്‍ ഇത് തള്ളുകയും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടത്താമെന്ന് റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ചതോടെ എം.പി. ജാഫര്‍ സമവായശ്രമത്തിന് ശ്രമിച്ചു. ഇത് വകവെക്കാതെ ചില യുവ ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് വാശിപിടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ, തങ്ങളെ അനുകൂലിക്കുന്ന മറ്റു വാര്‍ഡ് പ്രസിഡന്‍റുമാരെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റി ഇഷ്ടക്കാരനായ മുഹമ്മദ് കുഞ്ഞി മാഹിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കണമെന്ന സമ്മര്‍ദംചെലുത്തിയതോടെ കൂക്കിവിളിയും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തു. ഇതിനിടെ യൂത്ത് ലീഗ് മണ്ഡലം നേതാവിനെ ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് വണ്‍ ഫോര്‍ അബ്ദു റഹ്മാന്‍, സഹോദരങ്ങളായ അബ്ദുല്ല, അഹമ്മദ്, മരുമകന്‍ സാജിദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സൗത്ത് ചിത്താരിയിലെ നാല്‍പതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും മാട്ടുമ്മല്‍ മുഹമ്മദ് ഹാജി സ്മാരക ശാഖാ ലീഗ് കമ്മിറ്റി ഓഫിസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ലീഗ് കൊടിമരം പിഴുതുമാറ്റുകയും ചെയ്തു. പ്രശ്നമുണ്ടാക്കിയവരെ പരോക്ഷമായി വിമര്‍ശിച്ച് ലീഗിലുള്ളവര്‍ അധികാരക്കൊതി വെടിയണമെന്നും മത്സരവും പോരും സര്‍വനാശത്തിനാണെന്നും മെട്രോ മുഹമ്മദ് ഹാജി ഒരു പൊതുചടങ്ങില്‍ പറഞ്ഞു. മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി മുഹമ്മദ് കുഞ്ഞി മാഹിന്‍, ഹമീദ് ചേരക്കടത്ത് (ജന. സെക്ര), എം.എം. അബ്ദുറഹ്മാന്‍ (ട്രഷ) കെ.എം. മുഹമ്മദ് കുഞ്ഞി, എം.എം.കെ. കുഞ്ഞാമദ് മുക്കൂട് (വൈസ് പ്രസി), പി. അബ്ദുല്‍ കരീം, അബ്ദുല്ല കെ. കൊളവയല്‍ (ജോ. സെക്ര) എന്നിവരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വണ്‍ഫോര്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം. ഇബ്രാഹീം, അംഗങ്ങളായ എം.പി. ജാഫര്‍, ഇബ്രാഹീം പാലാട്ട് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്‍റ് ബഷീര്‍ വെള്ളിക്കോത്ത്, സെക്രട്ടറി സി.കെ. റഹ്മത്തുല്ല, എ.പി. ഉമ്മര്‍, അഷ്റഫ് കൊത്തിക്കാല്‍, അബ്ദുറഹ്മാന്‍ കൊവ്വല്‍, സി.എം. ഖാദര്‍ ഹാജി, പാറക്കാട് മുഹമ്മദ് ഹാജി, തെരുവത്ത് മൂസഹാജി, സലാം പാലക്കി, ശംസുദ്ദീന്‍ കൊളവയല്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി മാഹിന്‍ സ്വാഗതവും ഹമീദ് ചേരക്കാടത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.