പുതിയ പ്രസിഡന്‍റ് കാസര്‍കോട് ഡി.സി.സിയില്‍ കലാപം

കാസര്‍കോട്: പുതിയ പ്രസിഡന്‍റിനെച്ചൊല്ലി കാസര്‍കോട് ഡി.സി.സിയില്‍ കലാപം. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ജനശ്രീ ജില്ല ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിക്കത്ത് നല്‍കി. നേതാക്കളായ എ. ഗോവിന്ദന്‍ നായര്‍, സുബ്ബയ്യ റൈ, കെ.വി. ഗംഗാധരന്‍, സാദിഖ് മൗവ്വല്‍, പി.എ. അഷ്റഫലി എന്നിവര്‍ പാര്‍ട്ടി പദവികളില്‍നിന്ന് പ്രതിഷേധസൂചകമായി രാജിവെക്കാന്‍ നീക്കംനടത്തുന്നതായി സൂചനയുണ്ട്. ഹക്കീം കുന്നിലിനെ ഡി.സി.സി പ്രസിഡന്‍റാക്കിയ നപടിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ യോഗംചേര്‍ന്നു. എ. ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ എ ഗ്രൂപ് ഉദുമയിലും കെ.വി. ഗംഗാധരന്‍െറ നേതൃത്വത്തില്‍ തൃക്കരിപ്പൂരിലുമാണ് യോഗംചേര്‍ന്നത്. ഹക്കീം കുന്നിലിന്‍െറ സ്ഥാനാരോഹണം ബഹിഷ്കരിക്കാനും സ്ഥാനം ത്യജിക്കാനുമാണ് നേതാക്കളുടെ തീരുമാനം. എ ഗ്രൂപ്പില്‍നിന്ന് എ. ഗോവിന്ദന്‍ നായര്‍, എം.സി. ജോസ് എന്നിവരുടെ പേരുകളാണ് കെ.പി.സി.സിക്ക് അയച്ചത്. രണ്ടു പേരുകളും വെട്ടിമാറ്റി ഉമ്മന്‍ ചാണ്ടിക്ക് താല്‍പര്യമുള്ള ഹക്കീം കുന്നിലിനെ പ്രസിഡന്‍റാക്കിയത് ഡി.സി.സിയുടെ തീരുമാനത്തെ അട്ടിമറിക്കലാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. 14 ഡി.സി.സികളുടെ പ്രസിഡന്‍റുമാരെ നിയമിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗത്തിനുള്ള പരിഗണനയായി കാസര്‍കോട് ഹക്കീം കുന്നിലിനെ പരിഗണിച്ചതാണെന്ന വാദവും നേതാക്കള്‍ അംഗീകരിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ മുതിര്‍ന്നനേതാവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.എ. അഷ്റഫലിയെ പ്രസിഡന്‍റാക്കുകയായിരുന്നു വേണ്ടതെന്ന വാദവുമുണ്ട്. യുവനിരയെ മുന്നോട്ടുവെക്കുന്നുവെന്ന വാദത്തെ 60 വയസ്സ് തികഞ്ഞ നെയ്യാറ്റിന്‍കര സനലിനെ തിരുവനന്തപുരം ഡി.സി.സിയുടെ പ്രസിഡന്‍റാക്കിയെന്ന മറുപടിനല്‍കിയാണ് നേതാക്കള്‍ ഖണ്ഡിക്കുന്നത്. ഡി.സി.സി പ്രസിഡന്‍റായി നിര്‍ദേശിക്കപ്പെട്ട ഹക്കീം കുന്നില്‍ പാര്‍ട്ടി പരിപാടികളില്‍ വിശിഷ്ട സാന്നിധ്യമായിത്തുടങ്ങി. പെരിയയില്‍ സോണിയ ഗാന്ധിയുടെ 70ാം പിറന്നാളിന്‍െറ ഭാഗമായി നടന്ന സാമൂഹികപ്രവര്‍ത്തനത്തില്‍ പി. ഗംഗാധരന്‍ നായര്‍ക്കൊപ്പം വേദി പങ്കിട്ടു. ഡി.സി.സി പ്രസിഡന്‍റ് സി.കെ. ശ്രീധരന്‍, പി. ഗംഗാധരന്‍ നായര്‍ എന്നിവര്‍ ഗ്രൂപ്പുയോഗങ്ങളിലും ഹക്കീമിനെതിരെയുള്ള യോഗങ്ങളിലും പങ്കെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT