വീരമല ടൂറിസം പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുന്നു

ചെറുവത്തൂര്‍: വീരമല ടൂറിസംപദ്ധതി സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളക്കുന്നു. 15ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ വീരമലക്കുന്ന് സന്ദര്‍ശിക്കുമെന്നതാണ് ടൂറിസം പദ്ധതിക്ക് വീണ്ടും ജീവന്‍നല്‍കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു. വീരമലക്കുന്നില്‍ ടൂറിസംപദ്ധതി നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയെ കൈയൊഴിഞ്ഞു. വനംവകുപ്പിന്‍െറ അധീനതയിലുള്ള 70 ഏക്കറോളം വരുന്ന വീരമലക്കുന്നില്‍ ടൂറിസംപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഡി.ടി.പി.സി മുഖാന്തരം പ്രോജക്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. സ്വദേശീയരും വിദേശീയരുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍പാകത്തില്‍ കുന്നിന്മുകളില്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുമെന്നായിരുന്നു അന്ന് സ്ഥലം സന്ദര്‍ശിച്ച ജനപ്രതിനിധികളും ഡി.ടി.പി.സി ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചിരുന്നത്. കുന്നിന്മുകളില്‍ കളിക്കളം, കുട്ടികള്‍ക്കായി ഉല്ലാസകേന്ദ്രം, റോപ്വേ, തേജസ്വിനിയില്‍നിന്ന് വീരമലക്കുന്നിലേക്ക് എത്തുന്നതിനായി പ്രത്യേക ബോട്ട് സൗകര്യം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍, എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഏറെ ആകര്‍ഷകമാണ് കുന്നിന്മുകളില്‍നിന്നുള്ള കാഴ്ചകള്‍. തേജസ്വിനിയുടെയും സമീപപ്രദേശങ്ങളുടെയും മനോഹാരിത ഇവിടെനിന്ന് ആസ്വദിക്കാം. രണ്ടു വെള്ളപ്പൊക്ക ദുരിതാശ്വാസകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍, ഇത് പൂര്‍ണമായും സാമൂഹികവിരുദ്ധര്‍ കൈയടക്കിക്കഴിഞ്ഞു. മന്ത്രിയുടെ സന്ദര്‍ശനത്തോടുകൂടി ടൂറിസം പദ്ധതിക്ക് ജീവന്‍വെക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.