ബാലിഗാ വധക്കേസ് അട്ടിമറിക്കുന്നതായി പിതാവും സഹോദരിയും

മംഗളൂരു: വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പി. ബാലിഗ വധക്കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് പിതാവ് രാജേന്ദ്ര ബാലിഗയും സഹോദരി ഹര്‍ഷ ബാലിഗയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബാലിഗ വധക്കേസിലെ മുഖ്യപ്രതി നമോ നരേഷ് എന്ന നരേഷ് ഷേണായിയും കൂട്ടുപ്രതി മഞ്ജുനാഥ ഷേണായിയും നാലു വര്‍ഷം മുമ്പ് മഹേഷ് പ്രഭു കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയവരാണെന്ന് ഇവര്‍ പറഞ്ഞു. മംഗളൂരുവിലെ ഒരു മഠത്തിനകത്ത് 2012 ഒക്ടോബര്‍ രണ്ടിന് പ്രഭു കൊല്ലപ്പെട്ട സംഭവത്തില്‍ നന്ദകുമാര്‍ പ്രഭുവായിരുന്നു പ്രതി. 12 ദൃക്സാക്ഷികള്‍ ഉണ്ടായിട്ടും വിചാരണവേളയില്‍ കേസ് അട്ടിമറിച്ചതുകാരണം പ്രതിയെ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 21നാണ് അവിവാഹിതനായ വിനായക് ബാലിഗ (51) കൊല്ലപ്പെട്ടത്. നരേഷ് ഷേണായിയെ അറസ്റ്റ് ചെയ്തത് ജൂണിലാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി ജാമ്യം നേടാനുള്ള പഴുതുകള്‍ തേടുകയാണ്. ഒളിവിലായിരുന്നപ്പോള്‍ തെളിവുകള്‍ നശിപ്പിച്ചതായി പൊലീസ് കമീഷണര്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്നതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട് പരിശോധിച്ച പൊലീസ് തെളിവാകുന്ന പലരേഖകളും കൊണ്ടുപോയിരുന്നു. എന്നാല്‍, അവ തിരിച്ചുനല്‍കാനോ ഘാതകര്‍ക്കെതിരെ ഉപയോഗിക്കാനോ സന്നദ്ധമായിട്ടില്ല. നുണപരിശോധനയിലൂടെ മാത്രമേ കേസ് തെളിയിക്കാനാവൂ. ഇതിന് പൊലീസും സര്‍ക്കാറും നടപടി സ്വീകരിക്കണം. അന്വേഷണത്തിന് പ്രത്യേകസംഘത്തെ ഏല്‍പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദിയുടെ ആരാധകര്‍ ചേര്‍ന്ന് രൂപവത്കരിച്ച നമോമഞ്ച് നേതാവായ നരേഷ് ഷേണായിയുടെ ഉന്നത സ്വാധീനം കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ദേശപ്രേമി സംഘടന ഓര്‍ക്കുട്ട പ്രസിഡന്‍റ് പ്രഫ. നരേന്ദ്ര നായക് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.