കാസര്‍കോട്: ‘മരത്തെപ്പോലെ സ്നേഹം പൊഴിയുന്നൊരു കവിത ഞാനൊരിക്കലും കണ്ടിട്ടില്ല...’ കാസര്‍കോട്ടെ റെസിഡന്‍റ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാക് പ്രസിദ്ധീകരിക്കുന്ന വീട്ടുമാസിക ‘സ്പാര്‍ക്കി’ന്‍െറ രണ്ടാം പതിപ്പ് പുറത്തിറങ്ങിയത് ഈ വരികള്‍ മുഖത്തെഴുത്താക്കിയാണ്. പ്രകൃതിസംരക്ഷണവും ജലസംരക്ഷണവും പ്രധാന വിഷയമാക്കിയാണ് ഫെഡറേഷന്‍ ഓഫ് റെസിഡന്‍റ്സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) മുഖമാസിക പുറത്തിറക്കിയത്. ഷെല്‍ സില്‍വര്‍സ്റ്റെയിനിന്‍െറ ‘ദ ഗിവിങ് ട്രീ’ എന്ന പുസ്തകത്തിലെ പേരറിയാത്ത ചിത്രകാരന്‍െറ രേഖാചിത്രം മുഖത്താളിനെ അലങ്കരിക്കുന്നു. ‘സാങ്ച്വറി’ മാസികയുടെ പഴയ ഒരു പതിപ്പില്‍നിന്നാണ് പത്രാധിപര്‍ ജി.ബി. വത്സന്‍ മുഖവാചകത്തിലെ വരികള്‍ കണ്ടെടുത്തത്. പ്രകൃതിയുടെ കാരുണ്യം മഴയായ് പെയ്തൊഴുകുന്നവേളയില്‍ വെളിച്ചംകണ്ട ഈ പതിപ്പില്‍ മഴ വെള്ളക്കൊയ്ത്തിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്തുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന കുറിപ്പുകളാണ് പ്രധാന ഉള്ളടക്കമെന്ന് പത്രാധിപര്‍ പറയുന്നു. ‘നമ്മുടെ വീട്ടുവളപ്പിലും പാതയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും പൂമരങ്ങളും ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും തേക്കും മഹാഗണിയുമൊക്കെ നട്ടുവളര്‍ത്തേണ്ട സമയമാണിത്. ചക്കയും മാങ്ങയുമൊക്കെ നമ്മുടെ വളപ്പില്‍തന്നെയുണ്ടാകണം. കൂടുതലായി ഉണ്ടാകുന്നത് അയല്‍വാസികള്‍ക്കുള്ളതാണ്. പൂമരങ്ങളും ഫലവൃക്ഷങ്ങളും ഒരുനാള്‍ വിളിച്ചുപറയട്ടെ ഇവിടെയൊരു റെസിഡന്‍റ് അസോസിയേഷന്‍ ഉണ്ട് എന്ന്...’ മരങ്ങളെയും മണ്ണിനെയും സ്നേഹിക്കണമെന്ന് ഓര്‍മിപ്പിക്കുന്ന ‘ദ ഗിവിങ് ട്രീ’യുടെ പൂര്‍ണ പരിഭാഷ ഉള്‍പ്പേജുകളില്‍ വായിക്കാം. ജലസംഭരണ മാര്‍ഗങ്ങളെക്കുറിച്ച് സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് എ. പ്രഭാകരന്‍ എഴുതിത്തുടങ്ങുന്നു. നീര്‍ത്തട സംരക്ഷണ പ്രവര്‍ത്തന അനുഭവങ്ങളെക്കുറിച്ച് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഇ. പത്മാവതിയുടെ കുറിപ്പ്, നിയമസാക്ഷരതയെ കുറിച്ചുള്ള അഡ്വ. പി.വി. ജയരാജന്‍ എഴുതിയ ജസ്റ്റ് ആന്‍ഡ് ബെസ്റ്റ് എന്നിവ പുതുവിഭവങ്ങളാണ്. അന്തരിച്ച ഗാന്ധി മാധവന്‍ നായര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനും ജാക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍െറ ചക്കയുടെ ആഗോള അംബാസഡര്‍ പുരസ്കാരം നേടിയ മാധ്യമപ്രവര്‍ത്തകന്‍ ശ്രീപഡ്രെയെ അഭിനന്ദിക്കാനും ഇടം നീക്കിവെച്ചിട്ടുണ്ട്. ഫ്രാക്കിന്‍െറ പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍ എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ഇതിലുണ്ട്. ലേ ഒൗട്ടിന്‍െറ മേന്മയും ഈ ചെറുപ്രസിദ്ധീകരണത്തെ ശ്രദ്ധേയമാക്കുന്നു. ചീഫ് എഡിറ്റര്‍ ജി.ബി. വത്സനെ കൂടാതെ സണ്ണി ജോസഫ്, കെ.വി. മണികണ്ഠ ദാസ് (എഡിറ്റേഴ്സ്), അശോകന കുണിയേരി, എം.കെ. രാധാകൃഷ്ണന്‍, എ. പ്രഭാകരന്‍ എന്നിവരടങ്ങിയ പത്രാധിപസമിതിയാണ് സ്പാര്‍ക്കിന്‍െറ അണിയറയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.