മുഖ്യമന്ത്രിയുടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: പട്ടയം ലഭിച്ച 12 കുടുംബങ്ങള്‍ വഴിയാധാരം

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പട്ടയം ലഭിച്ച 12 കുടുംബങ്ങള്‍ വഴിയാധാരമായി. റവന്യൂ വകുപ്പിന്‍െറയും കുമ്പള പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം ശാരീരിക വൈകല്യമുള്ള സ്ത്രീകളടക്കമുള്ളവരാണ് രണ്ടാം തവണയും കുടിയൊഴിപ്പിക്കപ്പെട്ടത്. ബംബ്രാണ വില്ളേജ് പരിധിയില്‍ ആരിക്കാടി ചൂരിത്തടുക്കയില്‍ 12 കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കിയ 36 സെന്‍റ് ഭൂമിയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടായതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ നിര്‍ദേശിച്ച ബായിക്കട്ടയിലെ പുതിയ ഭൂമി അളന്ന് നല്‍കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് ഇവര്‍ പെരുവഴിയിലായത്. പൂമാണി കുഞ്ഞുമാണി ക്ഷേത്രത്തിന് സമീപത്ത് അംബിലടുക്കയില്‍ കണ്ടത്തെിയ സ്ഥലം അളക്കാനത്തെിയ വില്ളേജ് ഓഫിസറെ ബുധനാഴ്ച രാവിലെ നാട്ടുകാരും അമ്പല കമ്മിറ്റിയും ചേര്‍ന്ന് തടയുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള നാഗ പ്രതിഷ്ഠയുള്ള ഭൂമി കാണിച്ചു കൊടുത്ത് ഭൂരഹിതരെ പറ്റിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഭൂമി ലഭിക്കാത്തതിനെ തുടര്‍ന്ന് അവകാശികള്‍ ബംബ്രാണ വില്ളേജ് ഓഫിസിലത്തെി ബഹളം വെച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആദ്യം അനുവദിച്ച കൊടിയമ്മയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബായിക്കട്ടയിലാണ് നിര്‍ദിഷ്ട സ്ഥലം. ഉത്സവത്തിന് ഉപയോഗിക്കുന്ന ഭൂമി ക്ഷേത്രത്തിന് അനുവദിച്ച് തരണം എന്നാവശ്യപ്പെട്ട് അമ്പല കമ്മിറ്റി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ ശശിധര ഷെട്ടി പറഞ്ഞു. ഭൂമിക്ക് വേണ്ടി പാവപ്പെട്ടവരെ വട്ടം കറക്കുന്ന നടപടി ശരിയല്ളെന്നും ഇവര്‍ നികുതി അടച്ച ഭൂമി തന്നെ നല്‍കണമെന്നും മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വാസയോഗ്യമല്ലാത്തതും കേസില്‍ കിടക്കുന്നതുമായ ഭൂമി നല്‍കി സര്‍ക്കാര്‍ പാവങ്ങളെ പറ്റിക്കുന്നതായി നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. കുമ്പള ആരിക്കാടി വില്ളേജില്‍ 12 കുടുംബങ്ങള്‍ക്കായി പതിച്ച് നല്‍കിയ ഭൂമിയുടെ അവകാശ വാദവുമായി പഞ്ചായത്ത് ഭരണ സമിതി തന്നെ മുന്നോട്ട് വന്നതോടെയാണ് അവകാശികള്‍ പെരുവഴിയിലായത്. അതിന് പിന്നാലെയാണ് സ്വകാര്യ വ്യക്തിയുടെ ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് റവന്യൂ അധികൃതര്‍ ജനങ്ങളെ കബളിപ്പിച്ചത്. ബംബ്രാണ വില്ളേജിലെ ചൂരിത്തടുക്കയിലാണ് 36 സെന്‍റ് ഭൂമി നിര്‍ധനര്‍ക്കായി നല്‍കിയത്. ഭൂമി അളന്ന് കിട്ടാത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടിയുടെ ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട ഭൂമിയില്‍ കുടില്‍കെട്ടി വാസം തുടങ്ങിയിരുന്നു. ഇതോടെയാണ് കുമ്പള പഞ്ചായത്ത് അധികൃതര്‍ റവന്യൂ വകുപ്പിന്‍െറ കീഴിലുള്ള ഭൂമി ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും അങ്കണവാടിക്ക് വേണ്ടിയും പഞ്ചായത്ത് കണ്ടുവെച്ച ഭൂമിയാണെന്ന അവകാശവാദവുമായത്തെിയത്. സാമൂഹിക വിരുദ്ധരുടെ സഹായത്താല്‍ രാത്രിയുടെ മറവില്‍ നിര്‍ധനരുടെ കുടിലുകള്‍ പൊളിച്ചു നീക്കാനും ആരംഭിച്ചതോടെ വീണ്ടും ജനരോഷമുയര്‍ന്നു. സംഭവത്തില്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുടിലുകള്‍ പൊളിച്ചവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തില്ല. ദേശീയപാതയോരത്തുള്ള നിര്‍ദിഷ്ട ഭൂമി പഞ്ചായത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്നാണ് കുമ്പള പഞ്ചായത്ത് പ്രസിഡന്‍റ് മുസ്ലിംലീഗിലെ യു.പി. താഹിറ പറയുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് തനിക്ക് ഭൂമി നല്‍കിയതെന്നും ഭൂമിക്ക് നികുതി അടച്ചിരുന്നെന്നും വികലാംഗയായ ആസ്യുമ്മ പറഞ്ഞു. 2014 ഫെബ്രുവരി 21ന് റവന്യൂ അധികൃതര്‍ പതിച്ചു കൊടുത്ത ഭൂമിക്ക് കഴിഞ്ഞ ദിവസം പഞ്ചായത്ത് അവകാശവാദവുമായി എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ വകുപ്പിന്‍െറ അധികാരത്തിലുള്ള ഭൂമിയാണിതെന്നും പഞ്ചായത്ത് അവകാശവാദമുന്നയിക്കുന്നതിന് ഒരു അടിസ്ഥാനവും ഇല്ളെന്നും പഞ്ചായത്ത് ഇതിന് അപേക്ഷയൊന്നും നല്‍കിയിട്ടില്ളെന്നും എ.ഡി.എം ദിനേശന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.