കാസര്‍കോട്: വീണ്ടും എലിപ്പനി ഭീതി പടര്‍ന്നതോടെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയില്‍ ഡെങ്കിപ്പനിക്ക് പിന്നാലെ എലിപ്പനി മരണവും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചത്. ഈ വര്‍ഷം ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചിട്ടുണ്ട്. രണ്ടുപേരുടെ മരണം ഇക്കാരണത്താലാണെന്ന്് സംശയിക്കുന്നു. 17 പേരില്‍ രോഗലക്ഷണം കണ്ടത്തെിയതില്‍ നാലുപേരില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍െറ കണക്ക്. ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ നാലുപേര്‍ മരിച്ചത് ഇതിന് പുറമെയാണ്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 448 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1085 പേര്‍ക്കാണ് രോഗലക്ഷണം കണ്ടത്. ബളാല്‍ ഗ്രാമപഞ്ചായത്തിലാണ് ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചത്. നാലുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. രണ്ടുരോഗികളുടെ മരണം എലിപ്പനിമൂലമാകാമെന്ന് അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍, ഇവരുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. 152 പേര്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയായി വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 14.54 ലക്ഷം പേരാണ് വിവിധ അസുഖങ്ങളാല്‍ ചികിത്സ തേടിയത്. ഇതില്‍ 87,700 പേരാണ് പുതുതായി പനിക്കായി ചികിത്സ തേടിയത്. പുതുതായി പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 3348 പേരെ അഡ്മിറ്റ് ചെയ്യുകയും 84352 പേര്‍ ചികിത്സ തേടുകയും ചെയ്തു. പകര്‍ച്ചവ്യാധികള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്് ഉദ്യോഗസ്ഥരുമായി കലക്ടര്‍ അവലോകന യോഗം നടത്തി. എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശം. പനി, ശരീരവേദന, കാല്‍വേദന, കണ്ണിന് ചുവപ്പ്, അമിതക്ഷീണം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ള രോഗികള്‍ ഉടന്‍ ചികിത്സ തേടണം. സര്‍ക്കാര്‍ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ സൗകര്യം ലഭ്യമാണ്. രോഗം കണ്ടത്തെുന്നതിനുള്ള കാലതാമസമാണ് മരണസംഖ്യ വര്‍ധിക്കാനിടയാക്കുന്നത്. ഡെങ്കിപ്പനിയേക്കാള്‍ എലിപ്പനി ബാധിതരില്‍ മരണസംഖ്യ കൂടുതലാണ്. കര്‍ഷക തൊഴിലാളികള്‍, കെട്ടിട നിര്‍മാണതൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, കാലിലും കൈക്കും ശരീരത്തിലും വ്രണമുള്ളവര്‍ എന്നിവരെയാണ് എലിപ്പനി കൂടുതലായി ബാധിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. എല്ലാത്തരം എലികളും രോഗകാരികളാണ്. എലിമൂത്രം കലര്‍ന്ന വെള്ളത്തിലൂടെയാണ് രോഗകാരികള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. മുറിവുകളിലൂടെയും മറ്റുമാണ് രോഗംപിടിപെടുന്നത്. വ്രണം മരുന്നുവെച്ച് കെട്ടിയശേഷം ജോലി ചെയ്യണം. കാലുറകളും കൈയ്യുറകളും ധരിച്ച് ജോലി ചെയ്യുന്നതും പ്രതിരോധമാര്‍ഗമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പനിവരാന്‍ സാധ്യതയുള്ളവര്‍ ഡോക്സിസൈക്ളിന്‍ പ്രതിരോധഗുളികകള്‍ ആഴ്ചകള്‍ തോറും കഴിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. എലികള്‍ വളരാനുള്ള സാഹചര്യം തടയുകയും പരിസര ശുചീകരണത്തിന് പ്രഥമ പരിഗണന നല്‍കുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി, ആരോഗ്യ വകുപ്പ്, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ. മോഹനന്‍, ജില്ലാ മലേറിയ ഓഫിസര്‍ വി. സുരേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.