കാസര്‍കോട് –തലപ്പാടി റൂട്ടില്‍ ബസ് പണിമുടക്ക് പൂര്‍ണം

മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്പോസ്റ്റിലെ ഗതാഗത തടസ്സം ഒഴിവാക്കാത്തതിലും ദേശീയപാത നന്നാക്കാത്തതിലും പ്രതിഷേധിച്ച് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ തിങ്കളാഴ്ച നടത്തിയ സൂചനാ പണിമുടക്ക് പൂര്‍ണം. വിദ്യാര്‍ഥികളെയാണ് പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പണിമുടക്ക് കാരണം മഞ്ചേശ്വരം, ഉപ്പള, കുമ്പള മേഖലകളിലെ സ്കൂളുകളില്‍ ഹാജര്‍ നില കുറവായിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിയതിനാല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പണിമുടക്ക് ബാധിച്ചിട്ടില്ല. അതേസമയം, ഒക്ടോബര്‍ 28നകം റോഡ് ഗതാഗതയോഗ്യമാക്കിയില്ളെങ്കില്‍ കാസര്‍കോട്-തലപ്പാടി റൂട്ടില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. കുമ്പളയില്‍നിന്ന് മഞ്ചേശ്വരം വരെ ദേശീയപാത പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നും വാഹനഗതാഗതം ദുഷ്കരമാണെന്നും ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു. കുമ്പളയില്‍നിന്ന് തലപ്പാടിയിലേക്കുള്ള ബസുകള്‍ രണ്ട്, മൂന്ന് മിനിറ്റ് വ്യത്യാസത്തിലാണ് ഓടുന്നത്. ഗതാഗത സ്തംഭനം കാരണം മിക്ക ബസുകള്‍ക്കും സര്‍വിസ് റദ്ദാക്കേണ്ടി വരുന്നു. 28നകം റോഡ് ഗതാഗത യോഗ്യമാക്കിയില്ളെങ്കില്‍ 29 മുതല്‍ ഈ റൂട്ടില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ചെക്പോസ്റ്റില്‍ ഉണ്ടാകുന്ന ബ്ളോക് കാരണം ട്രിപ് നഷ്ടം ഉണ്ടാകുന്നതായും ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു. റോഡ് ബ്ളോക് ഉണ്ടായാല്‍ വടക്കുനിന്നും ഹൊസങ്കടി മുതല്‍ തലപ്പാടി വരെയും തെക്ക് ഭാഗത്തുനിന്നും ഉപ്പള മുതല്‍ കാസര്‍കോട് വരെയും സര്‍വിസ് നടത്താനാണ് ഫെഡറേഷന്‍ തീരുമാനം. യോഗം ജില്ലാ പ്രസിഡന്‍റ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് എന്‍.എം. ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ സി.എ. മുഹമ്മദ്, ഉമേഷ് ഷെട്ടി, സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. തിമ്മപ്പ ഭട്ട് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.