ജില്ലാ പഞ്ചായത്ത്: എല്‍.ഡി.എഫില്‍ സീറ്റ് ധാരണ: സി.പി.എം 13, സി.പി.ഐ മൂന്ന്, ഐ.എന്‍.എല്‍ ഒന്ന്

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ധാരണയായി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സി.പി.എം13 സീറ്റിലും സി.പി.ഐ മൂന്നുസീറ്റിലും ഐ.എന്‍.എല്‍ ഒരു സീറ്റിലും മത്സരിക്കും. സി.പി.ഐക്ക് ഒരു ഉറച്ച സീറ്റ് നല്‍കും. ബേഡകം സംവരണ സീറ്റാണ്. ഇവിടെ മുന്‍ എം.എല്‍.എ എം. നാരായണനെ മത്സരിപ്പിക്കാന്‍ സി.പി.ഐയില്‍ നീക്കമുണ്ട്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പ്രശ്നബാധിത കേന്ദ്രമായ ബേഡകം തെരഞ്ഞെടുപ്പുകാലത്ത് വിഭാഗീയ പ്രശ്നം ഒഴിവാക്കുക എന്ന തന്ത്രം കൂടി സീറ്റ് ഘടകകക്ഷിക്ക് നല്‍കിയതിനു പിന്നിലുണ്ട്. കള്ളാര്‍, വൊര്‍ക്കാടി സീറ്റുകള്‍ സി.പി.ഐ ചോദിച്ചതായി അറിയുന്നു. കഴിഞ്ഞ തവണ മഞ്ചേശ്വരം, പനത്തടി, എടനീര്‍ സീറ്റുകളിലാണ് സി.പി.ഐ മത്സരിച്ചത്. ഐ.എന്‍.എല്ലിന് ഉദുമ, ചെങ്കള സീറ്റുകളാണ് പരിഗണനയിലുള്ളത്. വ്യാഴാഴ്ച കാഞ്ഞങ്ങാട് ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ പട്ടികയും ഇറക്കി. കരിന്തളം ഡിവിഷന്‍ ഒഴികെയുള്ള പട്ടികക്കാണ് അംഗീകാരം നല്‍കിയതെന്നറിയുന്നു. കരിന്തളത്ത് നീലേശ്വരം എരിയാ കമ്മിറ്റിക്ക് പുറത്തുള്ളവരെ മത്സരിപ്പിക്കുന്നതിന് എതിര്‍പ്പുണ്ട്. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതുമുതല്‍ ഒരുതവണയൊഴികെ എല്ലാതെരഞ്ഞെടുപ്പിലും അധികാരത്തിലത്തെിയത് ഇടതുമുന്നണിയാണ്. എന്നാല്‍, ഇത്തവണ ഡിവിഷന്‍ വിഭജനത്തില്‍ യു.ഡി.എഫ് കാണിച്ച മേധാവിത്വം ഇടതുമുന്നണിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ ഒമ്പത് നേടിയാണ് ഇടതുമുന്നണി ജില്ലാ പഞ്ചായത്ത് ഭരിച്ചത്. ഇത്തവണ സിവില്‍ സ്റ്റേഷന്‍ കേന്ദ്രമാക്കി പുതിയ ഡിവിഷന്‍ രൂപവത്കരിച്ചത് യു.ഡി.എഫിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമെ ഇടതു മുന്നണി വിജയിച്ച പനത്തടി ഡിവിഷന്‍ പുനര്‍നിര്‍ണയിച്ചതും മുന്നണിക്ക് ഭീഷണിയായിട്ടുണ്ട്. ഇതേ ഭയം തന്നെയാണ് സി.പി.എം കഴിഞ്ഞ തവണ വിജയിച്ച പിലിക്കോടിനുമുള്ളത്. പത്ത് സീറ്റ് യു.ഡി.എഫ് ഉറപ്പിക്കുന്നുണ്ട്. ഇത് എല്‍.ഡി.എഫിലെ സിറ്റിങ് മണ്ഡലങ്ങളിലേക്ക് യു.ഡി.എഫിന്‍െറ സിറ്റിങ് മണ്ഡലങ്ങളില്‍നിന്ന് പഞ്ചായത്തുകളും വാര്‍ഡുകളും കൂട്ടിച്ചേര്‍ത്തതിന്‍െറ അടിസ്ഥാനത്തിലുള്ള അവകാശവാദമാണ്. ദേലംപാടി, പനത്തടി, പിലിക്കോട്, ചെറുവത്തൂര്‍, മടിക്കൈ, പള്ളിക്കര, കരിന്തളം, പുത്തിഗെ, ബേഡകം എന്നിവയാണ് ഇടതുമുന്നണി കഴിഞ്ഞ തവണ വിജയിച്ച ഒമ്പത് നിയോജക മണ്ഡലങ്ങള്‍. വോര്‍ക്കാടി, ചിറ്റാരിക്കാല്‍, ഉദുമ, കുമ്പള, മഞ്ചേശ്വരം, ചെങ്കള എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫും വിജയിച്ചു. എടനീര്‍ ഡിവിഷനില്‍ ബി.ജെ.പിയാണ് ജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.