അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങളില്‍ വനിതാ കമീഷന്‍ ഇടപെടും

കാസര്‍കോട്: അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തി അനുകൂല തീരുമാനമുണ്ടാക്കുന്നതിന് നടപടിയെടുക്കുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ കെ.സി. റോസക്കുട്ടി പറഞ്ഞു. അണ്‍ എയ്ഡഡ് മേഖലയില്‍ സംസ്ഥാന വിദ്യാഭ്യാസ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിലെ അധ്യാപികമാരില്‍നിന്ന് അദാലത്തില്‍ അഞ്ച് പരാതി ലഭിച്ചു. ഈ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളം നല്‍കാതെ ചൂഷണം ചെയ്യുകയാണ്. അധ്യാപകരെ അകാരണമായി പിരിച്ചുവിടുകയും അര്‍ഹമായ ആനുകൂല്യങ്ങളും പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കാതെ വഞ്ചിക്കുന്നതായും പരാതിയുണ്ട്. കുടുംബപ്രശ്നങ്ങളുടെ പേരില്‍ ഭാര്യയെയും മകളെയും സംരക്ഷിക്കാതിരുന്ന ഹോസ്ദുര്‍ഗ് സ്വദേശി, ഭാര്യക്ക് 3000 രൂപയും മകള്‍ക്ക് 2000 രൂപയും ചെലവിന് നല്‍കാന്‍ അദാലത്തില്‍ ധാരണയായി. അദാലത്തില്‍ വനിതാ കമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദും സംബന്ധിച്ചു. 86 കേസുകളാണ് കമീഷന്‍െറ പരിഗണനക്ക് വന്നത്. ഇതില്‍ 41 കേസുകളില്‍ തീര്‍പ്പ് കല്‍പിച്ചു. നാല് കേസുകളില്‍ റവന്യൂ ഡിവിഷനല്‍ ഓഫിസറുടെയും 19 കേസുകളില്‍ പൊലീസിന്‍െറയും റിപ്പോര്‍ട്ട് തേടി. 22 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സ്വത്ത് തര്‍ക്കം, ഗാര്‍ഹിക പീഡനം, കുടുംബകലഹം, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാതിരിക്കല്‍ എന്നീ ഇനത്തിലുള്ള പരാതികളാണ് കമീഷന്‍െറ മുമ്പാകെ വന്നത്. എക്സ്പേര്‍ട്ട് പാനല്‍ അംഗം അഡ്വ. അനില്‍ റാണി, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി. സുലജ, വനിതാ സെല്‍ എസ്.ഐ ഉഷാകുമാരി, സിവില്‍ പൊലീസ് ഓഫിസര്‍ കെ.വി. ഷീജ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.