ചെറുവത്തൂര്‍: തങ്ങളുടെ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ മാതാവിന്‍െറ ചികിത്സ മുടങ്ങാതിരിക്കാന്‍ സഹായഹസ്തവുമായി സഹപാഠികളും അധ്യാപകരും. ഇരുവൃക്കകളും തകരാറിലായി വിഷമിക്കുന്ന പിലിക്കോട് കണ്ണങ്കൈയിലെ ബീഡിത്തൊഴിലാളി യശോദ (43)യുടെ കുടുംബത്തിലേക്കാണ് പിലിക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നും 50,000 രൂപയുടെ സഹായധനം എത്തിച്ചുനല്‍കിയത്. വൃക്കരോഗം ബാധിച്ച് ഒരുവര്‍ഷമായി മംഗളൂരു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് യശോദ. ഡയാലിസിസിന് വിധേയയാകണമെന്ന് കഴിഞ്ഞമാസം ഡോക്ടര്‍ നിര്‍ദേശിച്ചതാണ്. ചികിത്സക്കായി പലരില്‍നിന്നും വാങ്ങിയ ഒരുലക്ഷത്തിലേറെ രൂപ തിരിച്ചുകൊടുക്കാനുണ്ട്. ഇനി വായ്പ ചോദിക്കാനാരുമില്ലാത്തതിനാല്‍ ചികിത്സ വേണ്ടെന്നുവെച്ചു. ഭര്‍ത്താവ് മുരളി കൂലിപ്പണിയെടുത്താണ് ചികിത്സയും കുടുംബചെലവും നടത്തിപ്പോരുന്നത്. 1000 രൂപ മാസം വീട്ടുവാടകയും കൊടുക്കണം. പ്ളസ്ടുവിന് പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുണ്ടിവര്‍ക്ക്. ഇതില്‍ ഒരാള്‍ പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. യശോധയുടെ കുടുംബത്തിന്‍െറ ദയനീയ സ്ഥിതി കഴിഞ്ഞ 26ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയിലൂടെ ഇവരുടെ കുടുംബത്തിന്‍െറ വിഷമാവസ്ഥ മനസ്സിലാക്കിയ അധ്യാപകരും വിദ്യാര്‍ഥികളും സഹായവുമായി മുന്നോട്ട് വരുകയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സി. ചന്ദ്രമോഹനന്‍, പ്രധാനാധ്യാപിക എം. പ്രസന്നകുമാരി, പി.ടി.എ പ്രസിഡന്‍റ് ടി. മോഹനന്‍ തുടങ്ങിയവര്‍ യശോദയുടെ വീട്ടിലത്തെി സഹായധനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.