സിഗ്നല്‍ വിളക്കുകള്‍ കണ്ണടച്ചു; നഗരം ഗതാഗതക്കുരുക്കില്‍

കാസര്‍കോട്: നഗരമധ്യത്തിലെ ട്രാഫിക് സിഗ്നല്‍ വിളക്കുകള്‍ കണ്ണടച്ചത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. എം.ജി റോഡില്‍ ചന്ദ്രഗിരി ജങ്ഷനിലെ ട്രാഫിക് സിഗ്നലുകളാണ് പ്രവര്‍ത്തന രഹിതമായത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ ജങ്ഷനില്‍ നാലുഭാഗത്തുനിന്നും വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ഒരേസമയം കടന്നുവരുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കുന്നു. രാവിലെ ഒമ്പത് മുതല്‍ 10 വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയുമാണ് ഇവിടെ കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഓഫിസിലേക്കും സ്കൂളുകളിലേക്കുമുള്ള യാത്രക്കാരെ ഗതാഗതക്കുരുക്ക് കാര്യമായി ബാധിക്കുന്നതായി പരാതികളുയരുന്നു. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിനെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. വാഹനത്തിരക്ക് നിയന്ത്രണാതീതമാകുമ്പോള്‍ സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍െറ സഹായം തേടേണ്ടിവരുന്നു. ഹോം ഗാര്‍ഡിന്‍െറ നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ വേണ്ടത്ര ഗൗനിക്കാത്ത സാഹചര്യമുണ്ട്. ട്രാഫിക് ലംഘനവും ഇവിടെ പതിവാണ്. ആറുമാസം മുമ്പാണ് സിഗ്നല്‍ വിളക്കുകള്‍ തകരാറിലായത്. സ്വകാര്യ സ്ഥാപനത്തിന്‍െറ സഹായത്തോടെ സ്ഥാപിച്ച ഇവയുടെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകാത്തതാണ് പ്രയാസം വര്‍ധിപ്പിക്കുന്നത്. ഇതേ ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ നട്ടുച്ചക്കും കത്തിനില്‍ക്കുകയാണ്. ഇതിന്‍െറ പ്രവര്‍ത്തനസമയം ക്രമീകരിച്ചതിലെ അപാകതയാണ് കാരണം. രാവിലെ 11 മുതല്‍ തെളിയുന്ന വിളക്കുകള്‍ പുലര്‍ച്ചെ ഒന്നിന് തനിയെ അണയും. പലതവണ പരാതികള്‍ നല്‍കിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ളെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.