കാഞ്ഞങ്ങാട്ട് നാലുവരിപ്പാത നിര്‍മാണം പുനരാരംഭിക്കും

കാഞ്ഞങ്ങാട്: നഗരത്തില്‍ കെ.എസ്.ടി.പിയുടെ നാലുവരിപ്പാതയുടെ നിര്‍മാണം പുതുവര്‍ഷപ്പുലരിയില്‍ പുനരാരംഭിക്കാന്‍ തീരുമാനം. കെ.എസ്്.ടി.പി ചീഫ് എന്‍ജിനീയര്‍ പി.ജി. സുരേഷിന്‍െറ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനത്തിലത്തെിയത്. നിലവിലുള്ള റോഡില്‍ റീടാറിങ് നടത്തിയ 700 മീറ്റര്‍ റോഡ് കിളച്ചുമാറ്റി വ്യവസ്ഥയനുസരിച്ച് പുതുതായി നിര്‍മിക്കും. ഓവുചാലുകള്‍ ഇരുവശത്തും നിര്‍മിക്കും. ഉപയോഗശൂന്യമായ ഓവുചാല്‍ പൂര്‍ണമായും മാറ്റി റോഡിലേക്ക് വെള്ളം ഒഴുക്ക് തടയുന്നത് ഒഴിവാക്കുന്ന സംവിധാനമൊരുക്കും. 54 സെ.മീ ഘനത്തില്‍ റോഡ് കിളച്ച് ഏഴ് മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. ഓവുചാലുകളുടെ ഉയരമനുസരിച്ച് 25 സെ.മീ കനത്തില്‍ കരിങ്കല്‍പൊടിയും മിശ്രിതം ചേര്‍ത്തും അതിന് മുകളിലായി 20 സെ.മീ മെക്കാഡം മിശ്രിതവും സംയോജിപ്പിച്ച് കരിങ്കല്‍പൊടിയും വിതറും. നഗരത്തിലെ ബി.എസ്.എന്‍.എല്‍ 200 മുതല്‍ 1200 കേബ്ളുകളുടെ സംവിധാനമുണ്ട്. കുഴിയെടുക്കുമ്പോള്‍ പ്രധാനമായും ലാന്‍ഡ്ഫോണുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, എല്‍.ഐ.സി തുടങ്ങി ഡിജിറ്റല്‍ സംവിധാനത്തെ സാരമായി ബാധിക്കുന്നതിനാല്‍ സെറ്റുകളുടെ സംവിധാനമൊരുക്കണം. ഇതിന് കെ.എസ്.ടി.പിയുമായി പ്രവര്‍ത്തന സമയത്ത് സഹകരണത്തോടെ പ്രതിസന്ധി ഒഴിവാക്കും. കേബ്ളുകള്‍ ഓടയുടെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമുണ്ട്. കെ.എസ്.ഇ.ബിയുടെ യു.ജി കേബ്ളുകളുടെ സംവിധാനം മാറ്റി സ്ഥാപിക്കാനും തത്വത്തില്‍ തീരുമാനിച്ചു. മൂന്നുകോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ കേബ്ള്‍ മാറ്റാന്‍ 95 ലക്ഷം രൂപയാണ് ചെലവെന്ന് കെ.എസ്.ടി.പി എന്‍ജിനീയര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ സഹകരണം ഉറപ്പാക്കും. അന്താരാഷ്ട്ര നിലവാരമുള്ള സിഗ്നല്‍ സംവിധാനം, ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കും. ബസ്സ്റ്റാന്‍ഡിന് മുന്‍വശത്ത് പൂന്തോട്ടം നിര്‍മിക്കും. ഫെബ്രുവരി 20ഓടെ പണി പൂര്‍ത്തിയാക്കാനാണ ലക്ഷ്യമിട്ടത്. മൊത്തം 133 കോടി രൂപയുടെ പദ്ധതിയാണ് നഗരത്തില്‍ നടപ്പാക്കുന്നതെന്ന് ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, കാഞ്ഞങ്ങാട് സബ്കലക്ടര്‍ മൃണ്‍മയി ശശാങ്ക് ജോഷി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ സുലൈഖ, ബി.എസ്.എന്‍.എലിലെ വിശ്വനാഥ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. നാരായണന്‍, രത്നാകരന്‍, എന്‍ജിനീയര്‍ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.