ആരോമലാക്കുക; ഇവരെ നിങ്ങള്‍

കുണ്ടംകുഴി: അച്ഛനും അമ്മയും ഇട്ടേച്ചുപോയ മൂന്ന് അനാഥ ബാല്യങ്ങള്‍ ജീവിതം കരക്കടുപ്പിക്കാന്‍ പണിയെടുക്കുകയാണ്. പെര്‍ളടുക്കം ആയംകടവിലെ അശോകന്‍-രമാദേവി ദമ്പതികളുടെ മക്കളാണിവര്‍. അനുരാജ് കുണ്ടംകുഴി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിയാണ്. അഞ്ജന കൊളത്തൂര്‍ ജി.എച്ച്.എസില്‍ പത്താംതരം വിദ്യാര്‍ഥിനിയും. ആരോമല്‍ ഇതേ വിദ്യാലയത്തിലെ നാലാംതരം വിദ്യാര്‍ഥിയുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് അശോകന്‍ നാടുവിട്ടതോടെയാണ് ഈ കുടുംബത്തിന്‍െറ താളം തെറ്റിയത്. ഭര്‍ത്താവ് മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ പല ജോലികളും ചെയ്ത് രമാദേവി മക്കള്‍ക്കൊപ്പം കഴിഞ്ഞു. പിന്നീട് അശോകന്‍ മറ്റൊരു യുവതിക്കൊപ്പം താമസം തുടങ്ങിയെന്ന വാര്‍ത്ത ഈ കുടുംബത്തെ പിന്നെയും തളര്‍ത്തി. ഏതാനും വര്‍ഷം മുമ്പ് മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് പോയ രമാദേവിയും തിരിച്ചുവന്നില്ല. തുടര്‍ന്ന് രമാദേവിയുടെ അമ്മ ദേവകിയുടെ സംരക്ഷണയിലായി ഇവരുടെ ജീവിതം. ചെറിയ ജോലികളൊക്കെ ചെയ്ത് ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് ദേവകിയെ വാര്‍ധക്യം തളര്‍ത്തിയത്. ബന്ധുക്കളും അയല്‍വാസികളും നല്‍കുന്ന സഹായത്തിലാണ് ഇപ്പോള്‍ ഈ കുടുംബം കഴിയുന്നത്. പഠനം ചോദ്യചിഹ്നമായതോടെ അനുരാജ് സമീപ പ്രദേശങ്ങളില്‍ അടക്ക പൊതിക്കാന്‍ അനുജത്തിയുമൊത്ത് പോയിത്തുടങ്ങി. ഉയര്‍ന്ന വിദ്യാഭ്യാസം സ്വപ്നം കാണുന്നുണ്ടെങ്കിലും നടക്കുമോ എന്ന ആശങ്കയിലാണ് കുട്ടികള്‍. ഇവരുടെ വീട് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മാതാപിതാക്കള്‍ മരണമടഞ്ഞാല്‍ ലഭ്യമാകുന്ന കേരള സര്‍ക്കാറിന്‍െറ സ്നേഹപൂര്‍വം പദ്ധതിയില്‍ ബി.പി.എല്‍ വിഭാഗത്തില്‍ വരുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാനാകില്ല. രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതികളില്ല. കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഠനത്തിനും മറ്റുമായി വരുന്ന തുക പൊതുജനങ്ങളില്‍നിന്ന് കണ്ടത്തൊന്‍ നാട്ടുകാര്‍ അനുരാജിന്‍െറ പേരില്‍ പൊയ്നാച്ചി യൂനിയന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 626602010007818. അക്കൗണ്ട് ഐ.എഫ്.എസ്.സി കോഡ്: യു.ബി.ഐ.എന്‍.ഒ 562661.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.