നായകളില്‍നിന്ന് വിദ്യാര്‍ഥികള്‍ സഹപാഠിയെ രക്ഷിച്ചു

കുമ്പള: തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്ന പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ രക്ഷിച്ചു. കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയെയാണ് രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ ക്ളാസിലേക്ക് വരുകയായിരുന്ന വിദ്യാര്‍ഥിയെ സ്കൂള്‍ ഗ്രൗണ്ടില്‍വെച്ച് നായ്ക്കള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട സഹപാഠികള്‍ നായ്ക്കളെ കല്ളെറിഞ്ഞു ഓടിച്ചതോടെയാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പ് മൂന്ന് കുട്ടികളെ തെരുവുനായ്ക്കള്‍ കുമ്പളയില്‍ ആക്രമിച്ചിരുന്നു. കുമ്പള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരം, പൊലീസ് സ്റ്റേഷന്‍ പരിസരം, പഞ്ചായത്ത് ഓഫിസ്, വില്ളേജ് ഓഫിസ് പരിസരം, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിരവധി തെരുവുനായക്കളാണ് തമ്പടിച്ചിരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍നിന്നുള്ള അവശിഷ്ടങ്ങളും അറവുശാലകളില്‍നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങളും തിന്നുകൊഴുത്താണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. മീന്‍ മാര്‍ക്കറ്റ്, കോഴിക്കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങളും മൈതാനത്തിനരികിലും ടൗണിലെ റോഡരികിലും കൂട്ടിയിടുന്നതാണ് ഇവക്ക് ഭക്ഷണമാവുന്നത്. പൊലീസ് സ്റ്റേഷന്‍ വളപ്പിലും കോമ്പൗണ്ടിന് പരിസരത്തും നിര്‍ത്തിയിട്ട പല കേസുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങള്‍ക്കടിയിലാണ് നായകള്‍ പെറ്റുപെരുകുന്നത്. നായ ശല്യം രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കയാണ്. തെരുവുനായകളെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ളെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.