ജില്ലയില്‍ കേരഫെഡ് 10.15 കോടിയുടെ പച്ചത്തേങ്ങ സംഭരിച്ചു

കാസര്‍കോട്: സംസ്ഥാന കൃഷി വകുപ്പും കേരഫെഡും സംയുക്തമായി നടപ്പിലാക്കുന്ന പച്ചത്തേങ്ങ സംഭരണ പദ്ധതി പ്രകാരം ജില്ലയിലെ 21 കൃഷിഭവനുകളിലൂടെ 10.15 കോടി രൂപയുടെ പച്ചത്തേങ്ങ സംഭരിച്ചു. പൊതുവിപണിയില്‍ പത്തില്‍ താഴെ വില ഉണ്ടായിരുന്നപ്പോള്‍ നാളികേര കര്‍ഷകരെ സഹായിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്‍റിന്‍െറ നിര്‍ദേശപ്രകാരം 2013 ജനുവരി ഒന്നിന് കിലോക്ക് 14 രൂപ നിരക്കിലാണ് സംഭരണം തുടങ്ങിയത്. ജില്ലയില്‍ ജനുവരി 30ന് കിലോക്ക് 16 രൂപ നിരക്കിലാണ് സംഭരണം ആരംഭിച്ചത്. തുടര്‍ന്ന് പല ഘട്ടങ്ങളായി 32 രൂപ വരെ വില ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ 34 മാസങ്ങളില്‍ 7709 കര്‍ഷകരില്‍നിന്നാണ് 4976 ടണ്‍ പച്ചത്തേങ്ങ സംഭരിച്ചത്. പൊതുവിപണിയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് രൂപ വരെ കൂടുതല്‍ നല്‍കി 25 രൂപക്കാണ് ഇപ്പോള്‍ കൃഷിഭവനുകളില്‍ സംഭരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം ആയിരം ടണ്‍ തേങ്ങ 1676 കര്‍ഷകരില്‍നിന്നായി 2.7 കോടി സംഭരിച്ചിട്ടുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ, പിലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ബളാല്‍, കോടോം ബേളൂര്‍, പനത്തടി, അജാനൂര്‍, ഉദുമ, ബേഡഡുക്ക, കാറഡുക്ക, ദേലംപാടി, മുളിയാര്‍, ബദിയഡുക്ക, മധൂര്‍, പുത്തിഗെ, കുമ്പള, മഞ്ചേശ്വരം, വോര്‍ക്കാടി എന്നി കൃഷിഭവനുകളിലാണ് സംഭരണം നടക്കുന്നത്. ജില്ലയില്‍ സര്‍ക്കാറിന്‍െറ സംസ്കരണ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ സംഭരിച്ച തേങ്ങ കുടുംബശ്രീ, ജനശ്രീ മുതലായവ വഴി കൊപ്രയാക്കി കോഴിക്കോടുള്ള കേരഫെഡ് പ്ളാന്‍റുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കൊപ്രയാക്കാന്‍ പാകത്തിലുള്ള മൂപ്പത്തെിയ തേങ്ങയാണ് കൃഷിഭവനുകളില്‍ സംഭരിക്കുന്നത്. കാറഡുക്ക കൃഷിഭവനാണ് ജില്ലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ സംഭരണം കുറവായ കുമ്പള, മഞ്ചേശ്വരം, പുത്തിഗെ, വോര്‍ക്കാടി, പിലിക്കോട്, ചെറുവത്തൂര്‍, മധൂര്‍, അജാനൂര്‍, ഉദുമ, ബദിയഡുക്ക, ബളാല്‍, നീലേശ്വരം തുടങ്ങിയ കൃഷിഭവനുകളില്‍ പദ്ധതി തുടര്‍ന്ന് കൊണ്ടുപോകാന്‍ നാളികേര കര്‍ഷകരുടെ സഹകരണം ആവശ്യമാണ്. നാളികേര കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിനൊപ്പം കേരഫെഡ് ഗുണമേന്മയേറിയ ഉല്‍പന്നങ്ങള്‍ കൃഷിഭവനുകളിലൂടെ എത്തിക്കുന്നുണ്ട്. കാന്‍സറിനുപോലും കാരണമായേക്കാവുന്ന പാരഫിന്‍ പോലുള്ള വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ 13 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കുകയും 85 പേര്‍ക്ക് നിയമലംഘന നോട്ടീസ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണിത്. തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും പരാതികളും ജില്ലാ മാനേജര്‍, കേരഫെഡ്, കാഞ്ഞങ്ങാട് (മൊബൈല്‍: 9447089569) എന്ന വിലാസത്തില്‍ അയക്കാവുന്നതാണെന്ന് ജില്ലാ മാനേജര്‍ ടി.പി.എം. നൂറുദ്ദീന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.