കാസര്‍കോട്: കോടോം-ബേളൂരില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. വാഹന ഗതാഗതം ഉച്ചവരെ പൂര്‍ണമായും നിലച്ചു. സ്വകാര്യ വാഹനങ്ങള്‍, ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. റോഡുകളെല്ലാം പുലരുമ്പോഴേക്കും തടസ്സപ്പെടുത്തിയിരുന്നു. കാസര്‍കോട് താലൂക്കില്‍ ചെറിയ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കാസര്‍കോട് നഗരത്തില്‍ വാഹന യാത്രക്കാരും ഹര്‍ത്താലനുകൂലികളും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി. പൊലീസുമായും തര്‍ക്കമുണ്ടായി. കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനവും പൊതുയോഗവും ജില്ലാ കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.എ.എം. ഹനീഫ് സ്വാഗതം പറഞ്ഞു. ടി.എം.എ. കരീം, എ. രവീന്ദ്രന്‍, എ. നാരായണന്‍, റഫീഖ് കുന്നില്‍, ടി. ശിവപ്രസാദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. കാഞ്ഞങ്ങാട്: സി.പി.എം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം കായക്കുന്നിലെ നാരായണന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ നടന്ന ഹര്‍ത്താല്‍ കാഞ്ഞങ്ങാട് നഗരത്തിലും സമീപപ്രദേശങ്ങളിലും പൂര്‍ണമായിരുന്നു. ഹര്‍ത്താലനുകൂലികള്‍ നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ. നാരായണന്‍, പി. അപ്പുക്കുട്ടന്‍, എം. പൊക്ളന്‍ തുടങ്ങിയവര്‍ കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തിന് നേതൃത്വം നല്‍കി. ഇരുചക്രവാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. നിരത്തിലിറങ്ങിയ വാഹനങ്ങളെ പ്രവര്‍ത്തകര്‍ തടഞ്ഞു. തട്ടുകടകളുള്‍പ്പെടെ നഗരത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബദിയടുക്ക: ബദിയടുക്കയില്‍ ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും കെ.എസ്.ആര്‍.ടി.സിയടക്കം ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ ടൗണ്‍ വിജനമായി. സി.പി.എം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. അമ്മണ്ണായ, ബി.എസ്. ഇബ്രാഹിം, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികളായ ബി.എം. സുബൈര്‍, അഖിലേഷ് വിദ്യാഗിരി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.