ചെമ്പിരിക്ക ഖാദി കേസ്: കണ്‍വെന്‍ഷനില്‍ ജനരോഷമിരമ്പി

കാസര്‍കോട്: ചെമ്പിരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ സ്പെഷല്‍ ടീം പുനരന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സി.ബി.ഐ അന്വേഷണം ശരിയായി നീങ്ങുന്നതിനിടയില്‍ ഏതോ കറുത്തകരങ്ങളുടെ ഇടപെടല്‍ കാരണം കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ന്യായമായും സംശയിക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേസ് പുതിയ ടീമിനെക്കൊണ്ട് അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും മരണം കൊലപാതകമെന്ന് ബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്നതാണെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഖാദിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരെക്കുറിച്ചാണ് തങ്ങള്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ആലോചിക്കാന്‍ കഴിയാത്ത അല്‍പന്മാരാണെന്ന് സംയുക്ത ഖാദി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. കേരളം കണ്ട മഹാനായ പണ്ഡിതനാണ് ഖാദിയെന്നും അദ്ദേഹത്തിന്‍െറ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ എസ്.എസ്.എഫ് സജീവമായി ഉണ്ടാവുമെന്നും എസ്.വൈ.എസ് പ്രതിനിധിയും കാസര്‍കോട് സുന്നി സെന്‍റര്‍ ഇമാമുമായ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പറഞ്ഞു. പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. സിദ്ദീഖ് നദ്വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്‍റ് എം.എ. ഖാസിം മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്‍റ് താജുദ്ദീന്‍ ദാരിമി പടന്ന, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, എസ്.കെ.എസ്.എസ്.എഫ് സത്താര്‍ കന്തല്ലൂര്‍, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, ഡി.സി.സി വൈസ് പ്രസിഡന്‍റ് ഹക്കീം കുന്നില്‍, സോളിഡാരിറ്റി പ്രതിനിധി സിയാസുദ്ദീന്‍ ഇബ്നു ഹംസ, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാര, ആര്‍.എസ്.പി കാസര്‍കോട് മണ്ഡലം സെക്രട്ടറി ഉബൈദുല്ല കടവത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് സി.എച്ച്. മുത്തലിബ്, ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് കുന്നില്‍, അബ്ദുല്‍ ഖാദിര്‍ ചട്ടഞ്ചാല്‍, മേരി സുരേന്ദ്രന്‍, ഷാഫി ചെമ്പിരിക്ക, ഇര്‍ഷാദ് ഹുദവി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.