ഉദുമ: മീന്‍ചന്ത ഉണ്ടെങ്കിലും പാലക്കുന്നിൽ മീൻവിൽപന വഴിയോരത്ത് പലയിടങ്ങളിൽ. പാലക്കുന്ന് കവലയോടുചേര്‍ന്ന് തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡിെൻറ തുടക്കത്തിലും മീൻ വില്‍പന തുടങ്ങിയിരിക്കുകയാണ്. തുടക്കത്തിൽ ഒരാൾ മാത്രമായിരുന്നെങ്കിലും ഇപ്പോൾ നാലുപേർ ഇവിടെയാണ് മീൻവിൽപന നടത്തുന്നത്. തിരക്കേറിയ കവലയോരത്തെ മീൻ വിൽപന ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല, അപകടസാധ്യതയും സൃഷ്ടിക്കുന്നു. റെയിൽവേ ഗേറ്റ് പൂട്ടിയാൽ വാഹനങ്ങൾ നിറയുന്ന ഇവിടെ മത്സ്യവിൽപനകൂടി വന്നതോടെ സ്ഥിതി ഗുരുതരമായി. വാഹന തിരക്കിനിടയില്‍ മീൻ വാങ്ങാനുള്ള ആൾക്കൂട്ടവും ചേരുമ്പോള്‍ അപകടം എപ്പോള്‍വേണമെങ്കിലും സംഭവിക്കാമെന്നാണ് സ്ഥലത്തെ ഡ്രൈവര്‍മാര്‍ പറയുന്നത്. പാലക്കുന്ന് കിഴക്കേ ടൗണിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിെൻറ പ്രവേശനവഴിയടച്ചും മീൻവിൽപനയുണ്ട്. ഇതിനാൽ കാത്തിരിപ്പുകേന്ദ്രത്തിനകത്ത് കയറിയിരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. മീൻ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതുമൂലം ഇവിടം അപകടമേഖലയായി മാറിയിട്ടുണ്ട്. തൊട്ടടുത്ത് ഉദുമ പഞ്ചായത്ത് ഓഫിസ് ഉണ്ടെങ്കിലും അധികൃതർ കാണാത്ത ഭാവംനടിക്കുകയാണ്. പാലക്കുന്നില്‍ ഉദുമ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച മീന്‍ചന്ത 2007 ജൂലൈയിൽ അന്നത്തെ എം.എൽ.എ കെ.വി. കുഞ്ഞിരാമനാണ് ഉദ്ഘാടനം ചെയ്തത്. പക്ഷേ, മത്സ്യവിൽപന അന്നും ഇന്നും റോഡ് വക്കില്‍തന്നെ. അതേസമയം, മീന്‍ചന്തയുടെ നിര്‍മാണം അശാസ്ത്രീയമാണെന്ന് മീൻവിൽപനക്കാർ പറയുന്നു. ഇതുമൂലമാണ് റോഡുവക്കിൽ കച്ചവടം ചെയ്യേണ്ടിവരുന്നതെന്നാണ് ഇവർ പറയുന്നത്. സ്വകാര്യവ്യക്തിയുടെ പേരിലുള്ള സ്ഥലത്ത് ചിലധാരണയുടെ അടിസ്ഥാനത്തിലാണ് മീൻ മാർക്കറ്റ് ഉണ്ടാക്കിയത്. എന്നാൽ, പഞ്ചായത്തിന് ആ സ്ഥലത്തിെൻറ ഉടമസ്ഥത തെളിയിക്കാന്‍ രേഖകൾ ഇല്ലെന്ന് വാർഡ് അംഗം ചന്ദ്രൻ നാലാംവാതുക്കൽ പറയുന്നു. ഇതുമൂലം മീന്‍ചന്ത വികസനം എങ്ങുമെത്തുന്നില്ല. നിരത്തുവക്കിലെ മീൻവിൽപനക്കെതിരെ പലരും പരാതി അറിയിച്ചെങ്കിലും ആരോഗ്യവകുപ്പും പഞ്ചായത്തും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.