കണ്ണൂർ: സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ ഇടതു കോട്ടയായ കണ്ണൂരിലും വിള്ളൽ. യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷൻ തിരിച്ചുപിടിക്കാൻ ഇറങ്ങിയ എൽ.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ച സീറ്റ് പോലും ലഭിക്കാതെ നാണംകെട്ട പരാജയം.
കോർപറേഷനിൽ കഴിഞ്ഞ തവണ 19 സീറ്റ് ലഭിച്ച എൽ.ഡി.എഫ് ഇത്തവണ 15ൽ ഒതുങ്ങി. പയ്യന്നൂർ നഗരസഭയിൽ സി.പി.എം വിമതനായ മുൻ ബ്രാഞ്ച് സെക്രട്ടറി വൈശാഖ് വിജയിച്ചതും നാണക്കേടായി. ജില്ല പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി. 25 ഡിവിഷനുകളിൽ 18ഉം എൽ.ഡി.എഫിനാണ്. യു.ഡി.എഫിന് കഴിഞ്ഞതവണത്തേതുപോലെ ഏഴ് സീറ്റാണ്.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടും സ്വന്തമാക്കി എൽ.ഡി.എഫ് മേധാവിത്വം നിലനിർത്തിയെങ്കിലും ഇടതുകോട്ടയായ തളിപ്പറമ്പ് പിടിച്ചെടുത്ത് യു.ഡി.എഫ് സീറ്റ് രണ്ടാക്കി ഉയർത്തി. എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന എടക്കാട് ബ്ലോക്കിൽ സമനിലയാണ്.
ഗ്രാമപഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറ്റം. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ 14 എണ്ണമാണ് കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ചത്. ഇത്തവണയത് 21 ആയി ഉയർത്തി. കഴിഞ്ഞതവണ 57 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ 49 ആയി. ഒരു പഞ്ചായത്തിൽ (മുണ്ടേരി) സമനിലയാണ്. ജില്ലയിലെ എട്ട് നഗരസഭകളിൽ അഞ്ച് എൽ.ഡി.എഫ്, മൂന്ന് യു.ഡി.എഫ് എന്ന കക്ഷിനില ഇത്തവണയും ആവർത്തിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്റെ തട്ടകമായ മുണ്ടേരിയിൽ സഹോദര ഭാര്യ പരാജയപ്പെട്ടത് നാണക്കേടായി.
കണ്ണൂർ കോർപറേഷനിൽ ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ നാലാക്കി ഉയർത്തി. എൽ.ഡി.എഫ് ഭരിക്കുന്ന തലശ്ശേരി നഗരസഭയിൽ കഴിഞ്ഞ തവണ എട്ട് സീറ്റോടെ മുഖ്യ പ്രതിപക്ഷമായിരുന്ന ബി.ജെ.പി ഇത്തവണ ആറ് സീറ്റിലൊതുങ്ങി. യു.ഡി.എഫാണ് തലശ്ശേരിയിൽ സീറ്റ് നിലയിൽ ഇത്തവണ രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.