കിഫ്ബി യെല്ലോ ലിസ്​റ്റിൽപെടുത്തിയിട്ടും പണി മന്ദഗതിയിൽതന്നെ

... മലപ്പട്ടം, കാഞ്ഞിലേരി റോഡുകളാണ് പൂർത്തിയാവാത്തത് ശ്രീകണ്ഠപുരം: റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതിനാൽ പൊതുമരാമത് ത് വകുപ്പ് തളിപ്പറമ്പ് ഡിവിഷനു കീഴിലുള്ള മലപ്പട്ടം- കണിയാർവയൽ, ഉളിക്കൽ-കണിയാർ വയൽ റോഡുകളുടെ നിർമാണം കിഫ്ബി യെല്ലോ ലിസ്റ്റിൽപെടുത്തിയിട്ടും പ്രവൃത്തി മന്ദഗതിയിൽതന്നെ. കിഫ്ബിയുടെ രണ്ടാമത്തെ പരിശോധനയിലാണ് നടപടിയെടുത്തത്. എന്നിട്ടും പണി മന്ദഗതിയിലായത് വീണ്ടും ചർച്ചയായിട്ടുണ്ട്. അടുത്ത പരിശോധനയിലും പുരോഗതി കണ്ടെത്തിയില്ലെങ്കിൽ ഈ രണ്ടു റോഡുകളും റെഡ് ലിസ്റ്റിൽപെടുത്തി ഫണ്ടുകൾ തടയും. രണ്ടു റോഡുകളും മെക്കാഡം ടാറിങ് നടത്തിയാണ് നവീകരിക്കുന്നത്. 62.12 കോടി രൂപ ചെലവിലാണ് കണിയാർ വയൽ- ഉളിക്കൽ റോഡ് നിർമാണം നടത്തുന്നത്. കഴിഞ്ഞവർഷം നവംബർ 23ന് പി.കെ. ശ്രീമതി എം.പിയാണ് റോഡിൻെറ നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2020 നവംബർ ആറിന് പണി പൂർത്തിയാക്കേണ്ട 18 കിലോമീറ്റർ വരുന്ന റോഡിൻെറ 20 ശതമാനം മാത്രമാണ് പൂർത്തിയായതെന്ന് കിഫ്ബി പരിശോധനയിൽ കണ്ടെത്തിയാണ് മഞ്ഞലിസ്റ്റിൽപെടുത്തിയത്. കിഫ്ബിയുടെ രണ്ടാം ഘട്ട പരിശോധനയിൽ 50 ശതമാനമെങ്കിലും പണി പൂർത്തിയാക്കണമായിരുന്നു. ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്. ഏറനാട് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കിലോമീറ്റർ നീളത്തിൽ റോഡ് ഉയർത്തുകയും നടപ്പാത നിർമിക്കുകയും റോഡരികുകളിൽ സൗരോർജ വിളക്കുകളും ഒരുക്കുന്നതുമാണ് പദ്ധതി. നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികൾ നിർമിക്കുകയും വേണം. എന്നാൽ ഇനിയും ഒട്ടേറെ പണി പൂർത്തിയാക്കാനുണ്ട്. 12.95 കിലോമീറ്റർ വരുന്ന മലപ്പട്ടം - കണിയാർ വയൽ- അഡുവാപുറം- പാവന്നൂർ മൊട്ട റോഡ് 2018 ഒക്ടോബർ 17ന് തുടങ്ങി 2020 ഒക്ടോബർ 16ന് പൂർത്തിയാക്കേണ്ട പദ്ധതിയാണ്. എന്നാൽ, നിലവിൽ ഈ റോഡിൻെറ ഏറെ ഭാഗവും പണി നടക്കാനുണ്ട്. 28.86 കോടി ചെലവിൽ വീതി കൂട്ടി വളവും കയറ്റവും കുറച്ച് കലുങ്കും ഓടയും നടപ്പാതയും നിർമിച്ച് മെക്കാഡം ടാറിങ് നടത്തുന്നതാണ് പദ്ധതി. റോഡ് പണി മന്ദഗതിയിലാണ് നടക്കുന്നതെന്നും നടത്തിപ്പിൽ വ്യാപക ക്രമക്കേടുണ്ടെന്നും പറഞ്ഞ് നാട്ടുകാർ കലക്ടർക്കുൾപ്പെടെ പരാതി നൽകിയിരുന്നു. റോഡിന് വീതി കൂടുന്നതിനാൽ വൈദ്യുതി തൂണുകളും മാറ്റിസ്ഥാപിക്കാനുണ്ട്. രണ്ട് റോഡുകളുടെ പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുന്നതിനാൽ കിഫ്ബി യെല്ലോ ലിസ്റ്റിൽപെടുത്തിയിട്ടും പദ്ധതി വേഗത്തിലാക്കാൻ ഭരണ-പ്രതിപക്ഷ സംഘടനകളൊന്നും പ്രതിഷേധ സമരവുമായി രംഗത്തുവരാത്തത് ഏറെ ചർച്ചയായിരുന്നു. നിലവിലും കൃത്യമായി വേഗത്തിൽ പണി നടത്താൻ തയാറാവാത്തത് വീണ്ടും ചർച്ചയായിട്ടുണ്ട്. വകുപ്പിലെ ചിലരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് പണി വൈകാൻ കാരണമായതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.