തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ഗുരുദേവ മ്യൂസിയത്തിന് അനുമതി

തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തോടനുബന്ധിച്ച് 15 കോടി ചെലവിൽ അന്താരാഷ്ട്ര മ്യൂസിയം നിർമിക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയുളള മ്യൂസിയം നിർമാണത്തിന് ഭരണാനുമതി ലഭിച്ചു. രാജ്യത്ത്‌ ഇത്തരത്തിലുള്ള ഗുരുദേവ മ്യൂസിയം ആദ്യത്തേതാകും. ഡിസംബറിൽ ശിലാസ്ഥാപനം നടത്തും. ഗുരുദേവ ദർശനങ്ങളെയും ചിന്തകളെയും പറ്റി പഠനഗവേഷണങ്ങൾ നടത്താൻ പര്യാപ്തമായ നിലയിലുള്ള സൗകര്യങ്ങളാണ് മ്യൂസിയത്തിൽ ഏർപ്പെടുത്തുക. നാലു നിലകളിലായാണ് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഗവേഷണം നടത്തുന്നവർക്ക് താമസിച്ചുപഠിക്കാനും കഴിയും. നിലവിൽ ക്ഷേത്രചിറയുള്ള ഭാഗത്തെ വയലിലാകും മ്യൂസിയം പണിയുന്നത്. സമീപത്തെ പൊതുനിരത്തിൽനിന്ന് പ്രധാന ക്ഷേത്രം മറയില്ലാതെ കാണാനാകുന്നവിധത്തിൽ നിർമാണപ്രവർത്തനങ്ങൾ ക്രമീകരിക്കും. ടൂറിസം വകുപ്പിനാണ് ചുമതല. ഇവരുടെ നോഡൽ ഏജൻസി ചുമതലയുള്ളവർ ക്ഷേത്രത്തിലെത്തി ജ്ഞാനോദയ യോഗം ഭാരവാഹികളുമായി ആശയവിനിമയം നടത്തി. സ്ഥലവും സന്ദർശിച്ചു. ജ്ഞാനോദയ യോഗം പ്രസിഡൻറ് അഡ്വ. കെ. സത്യൻ, ഡയറക്ടർമാരായ അഡ്വ. അജിത്കുമാർ, കണ്ട്യൻ ഗോപി, സി. ഗോപാലൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.