മലയോരത്തെ പ്രളയബാധിതർക്ക് സഹായവുമായി ഹാർട്ട് ആൻഡ്​ ഹാൻഡ്സും ഗ്രീൻലീഫും

ഇരിട്ടി: മേഖലയിൽ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് അവശ്യസാധനങ്ങൾ ശേഖരിച്ചെത്തിച്ച് എറണാകുളത്തെ സുമനസ്സുകളുടെ കൂട്ടായ്മയായ ഹാർട്ട് ആൻഡ് ഹാൻഡ്സും ഇരിട്ടി ഗ്രീൻലീഫും നടത്തിയ ഇടപെടൽ വേറിട്ടതായി. കഴിഞ്ഞ വർഷം എറണാകുളം ജില്ലയിൽ പ്രളയമുണ്ടായപ്പോൾ കണ്ണൂരിലെ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ എത്തിക്കുകയും ശുചീകരണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്ത അനുഭവത്തിൻെറ വെളിച്ചത്തിൽ ആദ്യഘട്ടമായി കണ്ണൂരിലേക്ക് ഒരു ലോഡ് അവശ്യസാധനങ്ങൾ എത്തിക്കാൻ എറണാകുളത്തെ സുമനസ്സുകൾ തീരുമാനിക്കുകയായിരുന്നു. പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ സി.ടി. തങ്കച്ചൻ, എഴുത്തുകാരനായ കെ. മദൻബാബു, സാംസ്കാരിക പ്രവർത്തകരായ രഞ്ജിത്ത് കരുണാകരൻ, ജീവകാരുണ്യ പ്രവർത്തകൻ കെ.കെ. സുദേവ് എന്നിവരും ഗ്രീൻലീഫിൻെറ പ്രവർത്തകനായ സുധി അന്നയും ചേർന്നാണ് മൂന്നരലക്ഷത്തോളം വിലവരുന്ന ഒരു ലോഡ് അവശ്യസാധനങ്ങൾ ഇരിട്ടിയിലെത്തിച്ചത്. അരി, പരിപ്പ്, പയർ, പഞ്ചസാര, ചായപ്പൊടി, പാൽ, ബിസ്കറ്റ്, സാനിറ്ററി പാഡുകൾ, പുതപ്പ്, മുതിർന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ, അവശ്യ മരുന്നുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന കിറ്റുകളാണ് എത്തിച്ചത്. ഇത് മലയോര മേഖലയിലെ ദുരിതബാധിതർക്ക് വിതരണം ചെയ്യും. വിതരണത്തിൻെറ ഉദ്ഘാടനം പായം പഞ്ചായത്തിലെ കുന്നോത്ത് കോളനിയിൽ പ്രസിഡൻറ് എൻ. അശോകന് കിറ്റ് കൈമാറി നിർവഹിച്ചു. ഹാർട്ട് ആൻഡ് ഹാൻഡ്സ് ദുരിതബാധിതരായ വീട്ടമ്മമാർക്ക് പ്രത്യേകമായി നൽകുന്ന സ്നേഹനിധിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായ വിതരണവും നടന്നു. സി.ടി. തങ്കച്ചൻ, കെ. മദൻബാബു, രഞ്ജിത്ത് കരുണാകരൻ, ഗ്രീൻലീഫ് ചെയർമാൻ കെ.സി. ജോസ്, വൈസ് ചെയർമാൻ സി. ബാബു, നിർവാഹകസമിതി അംഗങ്ങളായ സി.എ. അബ്ദുൽ ഗഫൂർ, പി. അശോകൻ, പി.പി. രജീഷ്, എൻ.ജെ. ജോഷി, ജുബി പാറ്റാനി, രാജേഷ് കെ. ജോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.