തലശ്ശേരി: നിലവിലെ സാഹചര്യത്തിൽ ഇടത് മുന്നണിക്ക് ഇളക്കംതട്ടാത്ത അസംബ്ലി മണ്ഡലമാണ് തലശ്ശേരി. എതിരാളികളായി ആര് മത്സരിച്ചാലും വിജയം ഇടതിന് സുനിശ്ചിതം. അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പിന്നാലെ വലിയ ഭൂരിപക്ഷം നേടി നിയമസഭയിൽ സ്പീക്കർ സ്ഥാനത്തെത്തിയ എ.എൻ. ഷംസീർ വരെ നീളുന്നു തലശ്ശേരിയുടെ ഇടത് പാരമ്പര്യത്തിന്റെ വിജയ പട്ടിക. തലശ്ശേരി മണ്ഡലത്തിൽ എ.എൻ. ഷംസീർ മൂന്നാംതവണയും എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്നായിരുന്നു പാർട്ടിയിലടക്കമുള്ളവർ കരുതിയത്.
എന്നാൽ, കാരായി രാജന്റെ പേര് ഉയർന്നതോടെ ധാരണ മാറി. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ആരാകും എന്നുള്ളതിൽ ചർച്ചകൾ തുടരുകയാണ്. മൂന്ന് പതിറ്റാണ്ടായി എൽ.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണ് തലശ്ശേരി. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന മാനദണ്ഡം ഷംസീറിന്റെ കാര്യത്തിൽ പാർട്ടി ബാധകമാക്കിയെന്ന് വേണം കരുതാൻ. ഷംസീറിന് പകരക്കാരനായി കാരായി രാജന്റെ പേര് ഉയർന്നത് സി.പി.എം പ്രവർത്തകരുടെയും വികാരം മാനിച്ചായിരിക്കണം. എൻ.ഡി.എഫ് പ്രവർത്തകൻ പി.കെ. ഫസൽ വധക്കേസിൽ ഉൾപ്പെട്ട കാരായി രാജൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായെങ്കിലും ജില്ലയിൽ തുടരാൻ കഴിയാത്തതിനാൽ സ്ഥാനം രാജിവെക്കേണ്ടി വന്നു.
നാട്ടിൽ തിരിച്ചെത്തിയശേഷം റബ്‌കോ ചെയർമാനായി പ്രവർത്തിക്കുകയാണ്. രാജനൊപ്പം കേസിൽ ഉൾപ്പെട്ട കാരായി ചന്ദ്രശേഖരനാണ് നിലവിൽ തലശ്ശേരി നഗരസഭ ചെയർമാൻ. സ്ഥാനാർഥി പരിഗണന പട്ടികയിൽ പി. ശശി, പി. ഹരീന്ദ്രൻ, എം. സുരേന്ദ്രൻ എന്നിവരുടെയും പേരുകൾ ഉയർന്നെങ്കിലും മണ്ഡലത്തിലെ സ്ഥിര താമസക്കാരൻ എന്ന പരിഗണന കാരായി രാജന് ഗുണകരമായി. മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ നിരവധി നേതാക്കൾക്ക് താൽപര്യമുണ്ട്. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷനായിരുന്നു കഴിഞ്ഞ തവണ തലശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി. അരവിന്ദാക്ഷന് ഇത്തവണ മത്സരിക്കാൽ താൽപര്യമില്ല. മത്സരിക്കാൻ സന്നദ്ധരായവരും സീറ്റ് കിട്ടിയാൽ മത്സരിക്കാമെന്ന് കരുതുന്നവരും യു.ഡി.എഫിലുണ്ട്. ചന്ദ്രൻ തില്ലങ്കേരി, കെ.പി. സാജു, മമ്പറം ദിവാകരൻ, ഷമാ മുഹമ്മദ്, റിജിൽ മാക്കുറ്റി തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ മണ്ഡലത്തിൽ സ്ഥാനാർഥിയുണ്ടായിരുന്നില്ല. ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് പത്രിക നൽകിയെങ്കിലും തള്ളി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു കഴിഞ്ഞ തവണ പ്രധാന മത്സരം. ചില സ്വതന്ത്രരും രംഗത്തുണ്ടായിരുന്നു. ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയെ സംബന്ധിച്ച് നേതൃതലത്തിൽ ചർച്ച തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം നേടി. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും വലിയ പ്രതീക്ഷയാണ് എൽ.ഡി.എഫിന്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ
നേടിയതിനെക്കാൾ 1723 വോട്ടിന്റെ ഭൂരിപക്ഷം കൂടി. തദ്ദേശത്തിൽ 38,524 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ. ഷംസീറാണ് മണ്ഡലത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്. - 36,801 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. തദ്ദേശത്തിൽ എൽ.ഡി.എഫ് - 73,151, യു.ഡി.എഫ് - 34627, ബി.ജെ.പി - 21,382 എന്നിങ്ങനെയാണ് വോട്ട്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഷംസീർ 81,810 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷൻ 45,009 വോട്ട് നേടി. മറ്റ് നാല് സ്ഥാനാർഥികൾക്ക് രണ്ടായിരത്തിനും 200നുമിടയിലാണ് വോട്ട്. 2016ൽ ഷംസീർ 70,741, എ.പി. അബ്ദുല്ലക്കുട്ടി (കോൺ.) 36,624, വി.കെ. സജീവൻ (ബി.ജെ.പി) 22,125 എന്നിങ്ങനെയാണ് വോട്ട്. ഷംസീർ 34,117 വോട്ടിന്റെ ഭൂരിപക്ഷം നേടി. തലശ്ശേരി നഗരസഭയും കതിരൂർ, എരഞ്ഞോളി, ചൊക്ലി, പന്ന്യന്നൂർ, ന്യൂമാഹി ഗ്രാമപഞ്ചായത്തുമുൾപ്പെട്ടതാണ് തലശ്ശേരി അസംബ്ലി മണ്ഡലം. ഇവിടെയെല്ലാം ഭരണം എൽ.ഡി.എഫിനാണ്. കോടിയേരി ബാലകൃഷ്ണൻ അഞ്ചുതവണ എം.എൽ.എയായ മണ്ഡലമാണ് തലശ്ശേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.