ആധിയും വ്യാധിയുമകറ്റാന്‍ കരിങ്കാലനും

ഇരിട്ടി: ഉത്തര മലബാറിലെ ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട് ആടിവേടനൊപ്പം കരിങ്കാലനും കെട്ടിയാടുന്നു. കര്‍ക്കടക സംക്രമനാളിലാണ് വേടന്‍ കെട്ടുന്നതെങ്കില്‍ ചിങ്ങ സംക്രമത്തിനാണ് കാലൻെറ വരവ്. കാലത്തിൻെറയും തലമുറയുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളര്‍ച്ചയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കാരണം ഭൂരിഭാഗം പ്രദേശങ്ങളിലും കാലന്‍ കെട്ടിയാടല്‍ ആചാരവും ചടങ്ങും ഇപ്പോള്‍ പുതുതലമുറക്ക് പാടിപ്പതിഞ്ഞ ചരിത്രമായി മാറിക്കഴിഞ്ഞു. എങ്കിലും കീഴൂര്‍ തെരു ഗണപതി മഹാദേവ ക്ഷേത്ര പരിസരത്ത് ഇൗ ചടങ്ങ് ഇപ്പോഴും മുറതെറ്റാതെ നടക്കുന്നു. കാര്‍ഷിക സംസ്‌കാരത്തിൻെറയും പഴയകാല മേലാള കീഴാള വർഗത്തിൻെറയും ഭൂവുടമ-കുടിയാന്‍ ബന്ധത്തിൻെറയും ചരിത്രവും ചടങ്ങും ഊട്ടിയുറപ്പിക്കുന്ന കാലത്ത് പിറവിയെടുത്തതാണ് ഈ ആചാരം. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന നല്ലൊരു കലാരൂപം കൂടിയാണിത്. നാട്ടുകാരായ കുട്ടികള്‍ കരിങ്കാല എന്നു വിളിച്ച് ഒപ്പംകൂടുന്നതും അടിക്കാനായി കുട്ടികളുടെ പിന്നാലെയോടുന്നതും കൗതുകമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. മുതിര്‍ന്ന കാരണവര്‍ക്കും വാദ്യമേളക്കാരനുമൊപ്പം വീടുകളിലെത്തുന്ന കാലനെ സ്വീകരിക്കാന്‍ നിലവിളക്കും നിറനാഴിയുമായി വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ ഉമ്മറപ്പടിയിലുണ്ടാകും. കൃഷിക്കും വീടിനും വീട്ടുകാര്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി കാലൻ അടുത്ത ഭവനം ലക്ഷ്യമാക്കി ഓടിയകലും. പുന്നാട്ടെ കണ്ണന്‍ പണിക്കരുെടയും മകന്‍ രാജേഷിൻെറയും രഞ്ജിത്തിൻെറയും നേതൃത്വത്തിലാണ് ഇക്കുറിയും കരിങ്കാലന്‍ കെട്ടിയാടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.