കണ്ണൂർ കോർപറേഷൻ: മേയർക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ യു.ഡി.എഫ്​ തീരുമാനം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ യു.ഡി.എഫ് തീരുമാനം. കെ. സുധാകരൻ എം.പിയുടെ വീട്ടിൽ നടന്ന കോൺഗ്രസ്-മുസ്ലിംലീഗ് യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ഇതോടെ കോർപറേഷനിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ട് ഉടലെടുത്ത കോൺഗ്രസ്-മുസ്ലിംലീഗ് ഭിന്നതക്ക് പരിഹാരമായി. മേയർ സ്ഥാനം കിട്ടിയാൽ പങ്കിെട്ടടുക്കാനും ധാരണയായിട്ടുണ്ട്. ആദ്യത്തെ ടേം കോൺഗ്രസിനും പിന്നീട് മുസ്ലിംലീഗിനും മേയർ സ്ഥാനം നൽകാൻ യോഗത്തിൽ തീരുമാനമായി. ഇൗമാസം 30ന് നടക്കുന്ന സംസ്ഥാന യു.ഡി.എഫ് യോഗത്തിനുശേഷം അവിശ്വാസം കൊണ്ടുവരുന്നതിനുള്ള തീയതി തീരുമാനിക്കുമെന്നാണ് അറിയുന്നത്. മേയർ സ്ഥാനം ആദ്യം വേണമെന്നായിരുന്നു മുസ്ലിംലീഗ് ഉന്നയിച്ച ആവശ്യം. എന്നാൽ, കോൺഗ്രസ് ഇത് അംഗീകരിച്ചിരുന്നില്ല. ഇതേതുടർന്നായിരുന്നു കോൺഗ്രസ്-ലീഗ് ഭിന്നത ഉണ്ടായത്. ഇത് കോർപറേഷൻ പരിധിയിൽ യു.ഡി.എഫ് പരിപാടികൾ ബഹിഷ്കരിക്കാൻ ലീഗിനെ പ്രേരിപ്പിച്ചിരുന്നു. യു.ഡി.എഫ് പരിപാടികളും യോഗങ്ങളും ലീഗ് ബഹിഷ്കരിക്കാൻ തുടങ്ങിയതോടെയാണ് കെ. സുധാകരൻ എം.പിയും ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവിയും അനുരഞ്ജനത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞദിവസം ചേർന്ന ലീഗ് ജില്ല നേതൃത്വത്തിൻെറയും കോർപറേഷനിലെ ലീഗ് കൗൺസിലർമാരുടെയും യോഗം തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിരുന്നു. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ ഒപ്പം നിർത്തി കോർപറേഷൻ ഭരണം പിടിക്കാനാണ് കോൺഗ്രസ് ശ്രമം നടത്തിവരുന്നത്. രാഗേഷിൻെറ ഒറ്റ വോട്ടിൻെറ ബലത്തിലാണ് മേയർ സ്ഥാനവും ഭരണവും എൽ.ഡി.എഫിന് കിട്ടിയത്. രാഗേഷ് കോൺഗ്രസിനൊപ്പം ചേർന്നാൽ ഭരണം അട്ടിമറിക്കപ്പെടും. കെ. സുധാകരൻ എം.പി, വി.കെ. അബ്ദുൽ ഖാദർ മൗലവി എന്നിവർക്കുപുറമെ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മുൻ ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രൻ എന്നിവരും മുസ്ലിംലീഗിനു വേണ്ടി ജില്ല പ്രസിഡൻറ് പി. കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, സെക്രട്ടറി കെ.പി. താഹിർ, വി.പി. വമ്പൻ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.