തൊഴിലുറപ്പു പദ്ധതി: പട്ടികവർഗ മേഖലയിൽ ലക്ഷ്യം 200 തൊഴിൽദിനങ്ങൾ

കണ്ണൂർ: ജില്ലയിലെ പട്ടികവർഗ മേഖലകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി ഒരു തൊഴിൽ കാർഡിൽ 200 തൊഴിൽദിനങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് േപ്രാജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ. തൊഴിലുറപ്പു പദ്ധതിയുടെ പ്രതിമാസ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ മേഖലയിൽ 8533 കുടുംബങ്ങൾക്ക് തൊഴിൽ കാർഡ് നൽകിയെങ്കിലും 3407 കുടുംബങ്ങൾ മാത്രമാണ് ഇതുവരെ ജോലിക്ക് എത്തിയത്. പട്ടികവർഗ വികസനവകുപ്പും ഗ്രാമപഞ്ചായത്തുകളും കുടുംബശ്രീ മിഷനും കൈകോർത്ത് പ്രവർത്തിച്ചാൽ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും 200 തൊഴിൽദിനങ്ങളെന്ന ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കും. ആദിവാസി മേഖലകളിൽ തൊഴിൽ കാർഡുകൾ പരമാവധി നൽകുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗത്തിൽ നിർദേശം നൽകി. ബന്ധപ്പെട്ടവർ പരമാവധി തൊഴിൽദിനങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം. ചെറുപുഴ, പെരിങ്ങോം-വയക്കര, കണിച്ചാർ, വേങ്ങാട് ഗ്രാമപഞ്ചായത്തുകളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി വില്ലേജ് ഹട്ടുകൾ നിർമിക്കാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. നാടൻ ചന്തകൾക്കുവേണ്ടി ഈ വർക്ക്ഷെഡുകൾ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുകൾ സ്ഥലം ലഭ്യമാക്കുന്നപക്ഷം കുടുംബശ്രീയുടെ ആഴ്ചച്ചന്തകൾക്ക് കെട്ടിടം പണിയാനും തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്താൻ യോഗം നിർദേശിച്ചു. കെട്ടിട നിർമാണത്തിനാവശ്യമായ സാധനസാമഗ്രികൾ നിർമിക്കാനുള്ള കൂടുതൽ യൂനിറ്റുകൾ രൂപവത്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഇൻ ചാർജ് വാസു പ്രദീപ് അറിയിച്ചു. ഇതിനായി നിലവിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് യൂനിറ്റ് ഒക്ടോബർ അഞ്ചുമുതൽ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം ആരംഭിക്കും. യോഗത്തിൽ ജില്ല വനിതാക്ഷേമ ഓഫിസർ കെ. ബീന സ്വാഗതവും അസി. േപ്രാജക്ട് ഓഫിസർ (വനിതാക്ഷേമം) എ.ജി. ഇന്ദിര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.